അഡ്വ. എം. മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളാണ് പരാതിക്ക് അടിസ്ഥാനം. 

തിരുവനന്തപുരം : തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. എം. മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. 15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളാണ് പരാതിക്ക് അടിസ്ഥാനം. മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ എം. മുനീർ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെ തുടർന്നാണ് കടകംപള്ളി സുരേന്ദ്രൻ നിയമനടപടിക്കൊരുങ്ങുന്നത്. പരാതിക്കാരിയെ കണ്ട് മൊഴിയെടുക്കണമെന്നും പരാതിയിൽ മുനീർ ആവശ്യപ്പെട്ടിട്ടുണ്ട്

അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി അന്വേഷണത്തിന് വിട്ടേക്കില്ല. പരാതിക്കാരി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം കേസുമായി മുന്നോട്ട് പോവുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ പരാതിയുമായി കോൺ​ഗ്രസ് നേതാവും രം​ഗത്തെത്തുന്നത്.