തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ച അവസാനിക്കുമ്പോൾ സർക്കാരിൽ ജനങ്ങൾക്കും നിയമസഭയ്ക്കുമുള്ള വിശ്വാസം അരക്കിട്ട് ഉറപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വെട്ടിലായിരിക്കുകയാണ്. പ്രതിപക്ഷ ഭിന്നത മറനീക്കി പുറത്തുവരും. അവിശ്വാസം വേണ്ടിയിരുന്നില്ലെന്ന ചിന്തയിലേക്ക് പ്രതിപക്ഷം മാറും. 

പ്രതിപക്ഷം ഉയർത്തിയ പുകപടലങ്ങൾ ഒഴിവാക്കാൻ അവിശ്വാസ പ്രമേയം സഹായകമാകും. കനത്ത വൈതരണിയിലാണ് യുഡിഎഫ് അകപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ചർച്ചയിൽ ഭരണപക്ഷത്ത് നിന്നും എസ് ശർമ്മ, എം സ്വരാജ്, ജയിംസ് മാത്യു, മുല്ലക്കര രത്നാകരൻ, ചിറ്റയം ഗോപകുമാർ, എ പ്രദീപ് കുമാർ, കെബി ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.

യുഡിഎഫ് പക്ഷത്ത് കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം എംഎൽഎമാർ സഭയിലേക്ക് വന്നിട്ടില്ല. ഇരുവരും ധനബിൽ ചർച്ചയിലും അവിശ്വാസ പ്രമേയ ചർച്ചയിലും പങ്കെടുക്കില്ലെന്നാണ് വിവരം. അതിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സംസ്ഥാന സർക്കാർ ഇന്ന് സഭയിൽ അന്വേഷണം പ്രഖ്യാപിക്കാനും ഇടയുണ്ട്.