സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

തിരുവനന്തപുരം: കടയ്ക്കാവൂർ വ്യാജ പോക്സോ കേസിൽ അമ്മയ്ക്കെതിരെ കുട്ടിയുടെ മൊഴി അല്ലാതെ മറ്റൊരു തെളിവും ഇല്ല എന്ന് അന്വേഷണ റിപ്പോർട്ട്. സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടരന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിലാണ് ഈ വിവരങ്ങളുള്ളത്. അന്വേഷണം പൂർത്തിയാക്കി തുടർ നടപടികൾ അവസാനിപ്പിക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം, തനിക്കെതിരായ കേസ് ഭർത്താവും പൊലീസും ചേർന്ന് കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. കുറ്റക്കാരെ പുറത്ത് കൊണ്ടുവരണം. മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്. ആദ്യം അന്വേഷിച്ച കടയ്ക്കാവൂർ പൊലീസ് മോശമായി പെരുമാറി. കുട്ടിയെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്ഐ പറഞ്ഞിരുന്നു. കോടതി കുറ്റവിമുക്തയാക്കുന്ന ഉത്തരവിനായി കാത്തിരിക്കുന്നു. കള്ള കേസുണ്ടാക്കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിമൂന്നു കാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിക്കുകയായിരുന്നു. വിദേശത്ത് അച്ചനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. 

പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ല. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്‍റെ വാദം. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നെന്നായിരുന്നു മൂത്ത സഹോദരന്‍ പറഞ്ഞത്.

Read Also: അശ്ലീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചപ്പോൾ കുതന്ത്രം; കടയ്ക്കാവുരിലെ കുട്ടി അമ്മയ്‍ക്കെതിരെ മെനഞ്ഞത് ഇല്ലാക്കഥ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona