'കാഫിര്‍' സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് എന്ന് തെളിയിച്ചാൽ ഇനാം; ഡിവൈഎഫ്ഐ വെല്ലുവിളി, യൂത്ത് കോൺഗ്രസ് മറുപടി
ഡിവൈഎഫ്ഐക്ക് യൂത്ത് കോണ്‍ഗ്രസ് മറ്റൊരു പോസ്റ്ററിലൂടെ മറുപടി നല്‍കി. 'കാഫിര്‍' സ്ക്രീൻ ഷോട്ട് കേസിലെ പ്രതികളെ റിബേഷ് തെളിയിച്ചാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍
കോഴിക്കോട്: 'കാഫിര്‍' സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്‍മ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചത്.
സ്ക്രീൻ ഷോട്ട് റെഡ് എൻകൗണ്ടർ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടത് റിബേഷ് ആണെന്ന് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, ഡിവൈഎഫ്ഐക്ക് യൂത്ത് കോണ്‍ഗ്രസ് മറ്റൊരു പോസ്റ്ററിലൂടെ മറുപടി നല്‍കി. 'കാഫിര്‍' സ്ക്രീൻ ഷോട്ട് കേസിലെ പ്രതികളെ റിബേഷ് തെളിയിച്ചാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിന്‍റെ പേരിലാണ് പോസ്റ്റര്‍.
'കാഫിര്‍' സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡി വൈ എഫ് ഐയുടെ വിശദീകരണ യോഗം ഇന്ന് വടകരയിൽ നടക്കും. വടകര ബ്ലോക്ക് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'കാഫിര്‍' സ്ക്രീന്‍ ഷോട്ട് ആദ്യമായി ഇടത് അനുകൂല വാട്സാപ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തത് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമകൃഷ്ണനാണെന്ന പൊലീസ് റിപ്പോർട്ട് യു ഡി എഫ് വലിയ തോതിൽ സി പി എമ്മിനെതിരെ പ്രചരണായുധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ ഡി വൈ എഫ് ഐ തീരുമാനിച്ചത്. വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യു ഡി എഫ് നാളെ എസ് പി ഓഫീസ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം