രാഹുൽ ഡി നായരുടെ മരണ കാരണം ഷവർമ കഴിച്ചുള്ള വിഷബാധ തന്നെയാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പരിശോധനാഫലം  കിട്ടിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഇന്ന് പത്തനംതിട്ടയിൽ ആവർത്തിച്ചു

കൊച്ചി: എറണാകുളം കാക്കനാട്ടെ ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടൽ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ 'പരാതിയിൽ ആരോപിക്കുന്നത്.

അതേസമയം രാഹുൽ ഡി നായരുടെ മരണ കാരണം ഷവർമ കഴിച്ചുള്ള വിഷബാധ തന്നെയാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ പരിശോധനാഫലം കിട്ടിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഇന്ന് പത്തനംതിട്ടയിൽ ആവർത്തിച്ചു. മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്നും പറഞ്ഞ മന്ത്രി, കൂടുതൽ നിയന്ത്രങ്ങളെ കുറിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്നും വ്യക്തമാക്കി..

ഗുരുതരാവസ്ഥിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാഹുല്‍ ഡി നായർ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. അന്ന് തന്നെ വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയത്. ബുധനാഴ്ച മൂന്നു മണിയോടെ മരണം സംഭവിച്ചു. സെപ്റ്റിക് ഷോക്ക് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒക്ടോബർ 18 നാണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവര്‍മയും മയോണൈസും പാര്‍സലായി വാങ്ങി മുറിയില്‍ വച്ച് കഴിച്ചത്. പിന്നാലെ ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. പ്രാഥമിക ചികിത്സ മാത്രമാണ് തേടിയത്. പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഹോട്ടല്‍ പരിശോധിച്ചു. തത്ക്കാലത്തേക്ക് ഹോട്ടൽ അടച്ചിട്ടിരിക്കുകയാണ്. ഭക്ഷ്യ വിഷബാധ സ്ഥിരീകരിക്കാൻ രാഹുലിന്‍റെ രക്തം പരിശോധനക്ക് അയച്ചിരിക്കുകയാണ്. രക്ത പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്