കാലടി സംസ്‌കൃത സർവകലാശാലയിലെ വിസി നിയമന രേഖകൾ പുറത്ത് വന്നു. ഏഴ് പേരാണ് കാലടിയിൽ വിസി നിയമനത്തിന്റെ ചുരുക്കപ്പട്ടികയിലിടം പിടിച്ചതെങ്കിലും  സെർച്ച് കമ്മിറ്റി ഒടുവിൽ ഡോ എംവി നാരായണന്റെ പേര് മാത്രമാണ് ചാൻസിലർക്ക് സമർപ്പിച്ചത്.

തിരുവനനന്തപുരം : സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ സർവകലാശാലകളിലെ വിസി നിയമനങ്ങളും ചർച്ചയാകുന്നു. കാലടി സംസ്‌കൃത സർവകലാശാലയിലെ "ഒറ്റ പേര് മാത്രം നിർദ്ദേശിച്ചുളള" വിസി നിയമന രേഖകൾ പുറത്ത് വന്നു. ഏഴ് പേരാണ് കാലടിയിൽ വിസി നിയമനത്തിന്റെ ചുരുക്കപ്പട്ടികയിലിടം പിടിച്ചതെങ്കിലും സെർച്ച് കമ്മിറ്റി ഒടുവിൽ ഡോ എംവി നാരായണന്റെ പേര് മാത്രമാണ് ചാൻസിലർക്ക് സമർപ്പിച്ചത്. ഏഴ് പേരുടെ ചുരുക്കപട്ടികയും മിനുട്സ് രേഖകളും പുറത്ത് വന്നതോടെയാണ് ഉക്കാര്യം വ്യക്തമായത്.

കാലടി വിസി നിയമനത്തിന് ഒറ്റ പേര് മാത്രം നിർദ്ദേശിച്ച സെർച്ച് കമ്മറ്റി നടപടിക്കെതിരെ നേരത്തെ നിയമന സമയത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ പട്ടികയിലെ മറ്റുള്ളവർക്ക് യോഗ്യതയില്ലെന്നായിരുന്നു സർക്കാർ നിലപാട്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഏറെ നാൾ വെച്ച് താമസിപ്പിച്ച ശേഷമാണ് ഗവർണർ സർക്കാരുമായി അനുരഞ്ജനത്തിലെത്തി നിയമത്തിൽ ഒപ്പുവെച്ചിരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃത ഡീൻ, കണ്ണൂർ, കാലിക്കറ്റ് സർവലാശാല വിസി പട്ടികയിലിടം പിടിച്ച ഒരു പ്രഫസർ എന്നിവരടക്കം കാലടി വിസി നിയമന ചുരുക്ക പട്ടികയിൽ ഇടം പിടിച്ചിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വന്ന നിയമന രേഖകളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇവർക്കൊന്നും യോഗ്യതയില്ലെന്ന് കാണിച്ചാണ് ഇംഗ്ലീഷ് പ്രൊഫസറായ എംവി നാരായണനെ സംസ്കൃത സർവകലാശാല വിസിയായി നിയമിച്ചത്.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ ആദ്യ നിയമനവും ചട്ടം പാലിക്കാതെ,ഒറ്റ പേര് അടിസ്ഥാനമാക്കിയെന്ന് രേഖകള്‍

ഡോ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവക‌ലാശാലയിലെ വിസി നിയമനം റദ്ദാക്കിയ കോടതി വിധി ബാക്കിയുള്ള അഞ്ച് വിസിമാർക്കെതിരെയും ഗവർണ്ണർ ആയുധമാക്കുമോയെന്ന് ആശങ്കയിലാണ് സംസ്ഥാന സർക്കാർ. കെടിയു വൈസ് ചാൻസലറായി ഡോ. എം.എസ്.രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്നും ഇത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് കെടിയു വിസി നിയമനം റദ്ദാക്കിയത്. ഇത് മറ്റ് സർവകലാശാലകളിലും ബാധകമായാൽ കാലടിക്കൊപ്പം കണ്ണൂരിലെ നിയമനവും കയ്യാലപ്പുറത്താകും.