Asianet News MalayalamAsianet News Malayalam

ഡൊമിനിക് മാർട്ടിൻ ബോംബ് നിർമിച്ചത് കൊച്ചിയിലെ വീട്ടിൽ വച്ചെന്ന് പൊലീസ്; നീല കാര്‍ സംബന്ധിച്ച ദുരൂഹത നീങ്ങുന്നു

തമ്മനത്തെ വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം

kalamassery blast dominic martin made bomb at house in kochi police says SSM
Author
First Published Oct 30, 2023, 8:06 AM IST

കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വച്ച് തന്നെയാണ് സ്ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ്. വീട്ടിൽ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയിൽ ഡൊമിനിക് മാർട്ടിൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്‍റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.

ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്ഫോടനം നടത്തിയതിന്‍റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്‍റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 

കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന 12കാരിയും മരിച്ചു, മരണ സംഖ്യ മൂന്നായി ഉയർന്നു

ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ കളമശ്ശേരിയിൽ എത്തും. 

യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്താണ് ഡൊമിനിക് മാര്‍ട്ടിന്‍ ബോംബ് സ്ഥാപിച്ചത്. 2300ഓളം വരുന്ന ആള്‍ക്കൂട്ടത്തിനിടയിലാണ്  ബോംബ് സ്ഥാപിച്ചത്. അതേസമയം ബോംബ് സ്ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്തു നിന്ന് പോയ നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിന്‍റെ നമ്പര്‍ ഒരാള്‍ പൊലീസിനെ വിളിച്ച് അറിയിച്ചതാണ്. ഈ നമ്പറില്‍ മറ്റൊരു കാര്‍ കണ്ടെത്തിയതോടെയാണ് നീല കാര്‍ സംബന്ധിച്ച് സംശയമുണ്ടായത്. എന്നാല്‍ ഈ കാറിന് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് നിലവില്‍ പൊലീസിന്‍റെ കണ്ടെത്തല്‍. സ്ഫോടനത്തിന് തൊട്ട് പിന്നാലെ ഭയന്ന് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് പൊലീസിന്‍റെ നിഗമനം. 

അതിനിടെ കളമശ്ശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.  മലയാറ്റൂർ സ്വദേശിയായ 12കാരി ലിബിനയാണ് മരിച്ചത്. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു ലിബിന. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവര്‍ക്ക് പിന്നാലെയാണ് ലിബിനയുടെ മരണം.  25ഓളം പേർ ചികിത്സയിലാണ്. 

 

Follow Us:
Download App:
  • android
  • ios