കൊച്ചി: കളമശ്ശേരി നഗരസഭയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞടുപ്പിലും യുഡിഎഫിന് വിജയം നേടിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കുകയാണ്. നറുക്കെടുപ്പിലൂടെയാണ് കളമശ്ശേരി നഗരസഭയില്‍ വൈസ് ചെയർപേഴ്‌സണെ തെരഞ്ഞെടുത്തത്. ലീഗ് സ്ഥാനാർഥി സൽമ അബൂബക്കറാണ് വിജയിച്ചത്. നേരത്തെ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിലും യുഡിഎഫ് നറുക്കെടുപ്പിലൂടെ വിജയിച്ചിരുന്നു.

കൊച്ചി കോ‍ർപ്പറേഷനിലും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് മുമ്പാണ് കൊച്ചി കോ‍ർപ്പറേഷനിൽ എൽഡിഎഫ് - യുഡിഎഫ് കൂട്ടയടിയും തമ്മിൽത്തല്ലും ഉടലെടുത്തത്. ഉച്ചയ്ക്ക് 2 മണിക്കാണ് ഡെപ്യൂട്ടി മേയ‍ർ തെരഞ്ഞെടുപ്പ് തുടങ്ങാനിരുന്നത്. യുഡിഎഫ് അംഗങ്ങൾ രണ്ട് മണിയോടെ കൗൺസിൽ ഹാളിലെത്തിയെങ്കിലും എൽഡിഎഫ് അംഗങ്ങൾ വരാൻ വൈകി. വൈകിയവരെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം തുടങ്ങി. ആര് പങ്കെടുക്കണം, വേണ്ട എന്നത് തന്‍റെ വിവേചനാധികാരമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് നിലപാടെടുത്തതോടെ, കളക്ടർ പക്ഷപാതിത്വം കാണിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടർക്കെതിരെ പ്രതിഷേധം തുടങ്ങി. 

Also Read: ഡെപ്യൂ. മേയർ വോട്ടെടുപ്പിനിടെ കൊച്ചി കോർപ്പറേഷൻ കൗൺസിൽ ഹാളിൽ കയ്യാങ്കളി, കൂട്ടയടി