Asianet News MalayalamAsianet News Malayalam

മത്സരിക്കാൻ ഉറച്ച് ഇബ്രാഹിം കുഞ്ഞ്; കളമശ്ശേരി സീറ്റിനെ ചൊല്ലി യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്നു

ഇബ്രാഹിംകുഞ്ഞ് സ്ഥാനാർത്ഥിയായാൽ പാലാരിവട്ടംപാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ച വിഷയമാകും, ഇത് മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ വരെ ബാധിച്ചേക്കാം.

kalamassery turns headache for udf as ebrahim kunju stands firm on decision to contest
Author
Kalamassery, First Published Feb 8, 2021, 11:40 PM IST

കൊച്ചി: വി കെ ഇബ്രാഹിംകുഞ്ഞ് പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ, കളമശ്ശേരി സീറ്റിനെ ചൊല്ലി യുഡിഎഫിൽ ആശയക്കുഴപ്പം തുടരുന്നു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ലീഗ് എതിർപ്പ് അറിയിച്ചതോടെ ചർച്ചകൾ വഴിമുട്ടി. മത്സര രംഗത്ത് നിന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റി നിർത്തേണ്ടി വന്നാൽ, ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ് ഷായുടെ പേരും ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പൊതുപരിപാടികളിലും സജീവമായി പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് വി കെ ഇബ്രാഹിംകുഞ്ഞ്. ഈ നിലപാട് യുഡിഎഫിലുണ്ടാക്കുന്നത് വലിയ തലവേദനയും. ഇബ്രാഹിംകുഞ്ഞ് സ്ഥാനാർത്ഥിയായാൽ പാലാരിവട്ടംപാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ച വിഷയമാകും, മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ വരെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ മുസ്ലീം ലീഗിന്‍റെ മോശം പ്രകടനം കൂടി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞ് മാറി നിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിടുണ്ട്. 

കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സും കെപിസിസിക്ക് കത്ത് നൽകി.എന്നാൽ ഇബ്രാഹിംകുഞ്ഞിന്‍റെ തീരുമാനത്തിൽ ഇത് വരെ മാറ്റമില്ല. അദ്ദേഹത്തിന്‍റെ നോമിനിയായി മകൻ വരുന്നതിലും കോൺഗ്രസ്സിൽ അതൃപ്തിയുണ്ട്. കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ലീഗ് നേതൃത്വം ഇടപെട്ട് ഇബ്രാഹിംകുഞ്ഞിനെ പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ലീഗിലും പകരം സ്ഥാനാർത്ഥിയാരെന്നതിൽ ചർച്ചകൾ തുടരുകയാണ്. ലീഗിന്‍റെ മങ്കട എംഎൽഎ അഹമ്മദ് കബീർ എറണാകുളത്തുകാരനാണെങ്കിലും ഇബ്രാഹിംകുഞ്ഞിന്‍റെ എതിർപക്ഷത്താണ്. മുസ്ലീം ലീഗിന്‍റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ മുഹമ്മദ് ഷാക്കാണ് മറ്റൊരു സാധ്യത.

Follow Us:
Download App:
  • android
  • ios