മലപ്പുറം: കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫിനെ റിമാന്‍റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാന്‍റ് ചെയ്തത്. 

അതേസമയം തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് പ്രതി ജോണ്‍സണ്‍ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നല്‍കിയ സ്ത്രീ ചാര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിളിച്ച് എഴുന്നേല്‍പ്പിച്ച് ചോദിച്ചതാണെന്നും പ്രതി ജോണ്‍സണ്‍ പറഞ്ഞു. 

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കല്ലട ബസ് ഉടമയെ കമ്മീഷൻ  ആസ്ഥാനത്ത് വിളിച്ചുവരുത്തി  വിശദീകരണം തേടും. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കല്ലട ബസ് എന്തെല്ലാം  സംവിധാനങ്ങൾ  ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷൻ  പരിശോധിക്കുമെന്നും എം സി ജോസഫൈൻ  അറിയിച്ചു 

യാത്രക്കിടെ  പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാർ സ്ത്രീകൾക്ക് ബസ് നിർത്തിക്കൊടുക്കുന്നില്ലെന്ന്  പരാതികൾ കിട്ടിയിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷന്‍ അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ  ശ്രമിച്ചത്  ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷൻ  അറിയിച്ചു.

Read Also: കല്ലട ബസിലെ പീഡനം: സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മംഗലാപുരത്ത് നിന്ന് കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു യുവതിയ്ക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോണ്‍സന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗത്തിന്‍റെയും രജിസ്ട്രേഷനും പെർമിറ്റും കേരളത്തിന് വെളിയിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് ബസിന്‍റെ പെർമിറ്റ് റദ്ദാക്കാൻ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. മറ്റ് ചട്ടലംഘനങ്ങളിൽ കർശന നടപടി തുടരുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.

Read Also:'കല്ലട ബസ് ഡ്രൈവർ കയറിപ്പിടിച്ചു, ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ ന്യായീകരിച്ചു', യാത്രക്കാരി പറയുന്നു