Asianet News MalayalamAsianet News Malayalam

വൈത്തിരി മാവോയിസ്റ്റ് വെടിവയ്പ്പ്: ബന്ധുക്കളുടെ പരാതി കൂടി അന്വേഷിക്കണമെന്ന് കോടതി

വൈത്തിരി മാവോയിസ്റ്റ് വെടിവയ്പ്പ് ആസൂത്രിതമെന്ന് ജലീലിന്‍റെ ബന്ധുക്കളുടെ പരാതി. വിശദമായ റിപ്പോർട്ട് നൽകണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവിയോട് കോടതി.

kalpetta court on wayanad maoist encounter
Author
Wayanad, First Published Jul 1, 2019, 2:31 PM IST

കൽപറ്റ: വയനാട് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടില്‍ നടന്ന വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷണ സംഘം പരിഗണിക്കണമെന്ന് കൽപറ്റ കോടതി. മാവോയിസ്റ്റ് വെടിവയ്പ്പ് ആസൂത്രിതമെന്ന ജലീലിന്‍റെ ബന്ധുക്കളുടെ പരാതി പരിഗണിച്ചാണ് കോടതി നി‍ർദ്ദേശം.  

ജലീലിനെ പൊലീസും തണ്ടർബോള്‍ട്ടും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സഹോദരനാണ് കൽപറ്റ കോടതിയില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വയനാട് ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനുശേഷവും നിലവിലെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

അതേസമയം, സംഭവത്തില്‍ സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണത്തിന്‍റെ ഭാഗമായി ജലീലിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ജില്ലാ കളക്ടർക്ക് മുന്നില്‍ ഹാജരായി. ജലീലിന്‍റെ അമ്മയും സഹോദരങ്ങളും കളക്ടറുടെ ചേംബറിലാണ് ഹാജരായത്. ജയിലില്‍ കഴിയുന്ന ജലീലിന്‍റെ സഹോദരനടക്കം 14  പേരോടാണ് ഹാജരാകാന്‍ കളക്ടർ ആവശ്യപ്പെട്ടിരുന്നത്.

മാർച്ച് ആറിനാണ് വൈത്തിരിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും സി പി ജലീലിന്‍റെ കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios