കൽപറ്റയിൽ വമ്പൻ വിജയത്തിലേക്ക് ടി സിദ്ദിഖ്. ടി സിദ്ദിഖിൻ്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടു. മുൻ വർഷം 5000ത്തിലധികം വോട്ടുകൾക്കായിരുന്നു സിദ്ദിഖിൻ്റെ വിജയം.
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ടി സിദ്ദിഖ്. സിറ്റിങ് എംഎൽഎയായ ടി സിദ്ദിഖിന് മണ്ഡലത്തിൽ ഇക്കുറി വമ്പൻ മുന്നേറ്റം. വോട്ടെണ്ണൽ അവസാന റൗണ്ടുകളോട് അടുക്കുമ്പോൾ സിദ്ദിഖിൻ്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടു. എൽഡിഎഫ് സ്ഥാനാഥി പികെ അനിൽ കുമാർ, എൻഡിഎ സ്ഥാനാർഥി പ്രശാന്ത് മലവയൽ എന്നിവരായിരുന്നു സിദ്ദിഖിൻ്റെ എതിരാളികൾ.
വോട്ടെണ്ണൽ 17ൽ 13 റൗണ്ട് പിന്നിടുമ്പോൾ മുഴുവൻ റൗണ്ടുകളിലും മേൽക്കൈ സിദ്ദിഖിന് തന്നെ. ഇതുവരെ 76,978 വോട്ട് സിദ്ദിഖ് നേടിയപ്പോൾ, ആർജെഡി സ്ഥാനാർഥിയായ പികെ അനിൽ കുമാറിന് 40933 വോട്ടുകളും പ്രശാന്ത് മലവയലിന് 15,639 വോട്ടുകളുമാണ് ലഭിച്ചത്. എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള കൽപ്പറ്റയിൽ 2021ൽ ആദ്യമായി മത്സരത്തിനിറങ്ങിയ സിദ്ദിഖിന് 5,470 വോട്ടുകൾക്കായിരുന്നു വിജയം. എൽഡിഎഫിന് വേണ്ടി മത്സരിച്ച എൽജെഡിയുടെ എംവി ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയായിരുന്നു സിദ്ദിഖ് ചുരമിറങ്ങി നിയമസഭയിൽ എത്തിയത്.
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ പണികഴിപ്പിച്ച വയനാട് ടൗൺഷിപ്പ് സ്ഥിതിചെയ്യുന്ന മണ്ഡലം കൂടിയാണ് കൽപ്പറ്റ. ടൗൺഷിപ്പിൻ്റെ ഉദ്ഘാടനച്ചടങ്ങിനിടെ സിദ്ദിഖ് സംസാരിക്കവെ കൂക്കുവിളി ഉണ്ടായത് വലിയ ചർച്ചയായിരുന്നു. കൂക്കുവിളി തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്ന് സിദ്ദിഖ് പ്രതികരിച്ചിരുന്നു. അതേസമയം പിണറായി വിജയൻ സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഒരു ഭാഗവും കൽപറ്റ മണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്. വികസനപ്രവർത്തനങ്ങൾ വോട്ടാകുമെന്ന എൽഡിഎഫ് കണക്കുകൂട്ടിയിരുന്നെങ്കിലും അത് അനുകൂലമായിട്ടില്ല.
അതേസമയം ജയം ഉറപ്പിച്ചതോടെ ടി സിദ്ദിഖ് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. രണ്ട് മണിക്കൂർ മുൻപ് ഫേസ്ബുക്ക് പേജിലെ തൻ്റെ പ്രൊഫൈൽ പിക്ചർ സിദ്ദിഖ് മാറ്റിയിട്ടുണ്ട്.





