വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്
കൊച്ചി: പ്രമേഹം മൂര്‍ച്ഛിച്ചത് മൂലം കാൽപ്പാദം മുറിച്ചുമാറ്റിയ കാനം രാജേന്ദ്രൻ, കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു സഹപ്രവര്‍ത്തകരടക്കം വിശ്വസിച്ചതെങ്കിലും, ആകസ്മികമായെത്തിയ ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തു. സിപിഐക്കും ഇടതുമുന്നണിക്കും കമ്യൂണിസ്റ്റ് ചേരിക്കും ശക്തനായ നേതാവിനെയാണ് നഷ്ടമായത്. ഒരു കാലത്ത് പാര്‍ട്ടി യുവാക്കൾക്കിടയിൽ സ്വാധീനം ശക്തിപ്പെടുത്താനായി ചുമതലപ്പെടുത്തിയ കാനം പിന്നീട് മൂന്ന് വട്ടം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി വളര്‍ന്നു.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ 1950 നവംബർ 10-നായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തേക്ക് തീരെ ചെറുപ്രായത്തിൽ തന്നെ കാനം എത്തി. സിപിഐയുടെ യുവജന പ്രസ്ഥാനമായിരുന്ന എഐവൈഎഫിലൂടെയായിരുന്നു കാനം രാജേന്ദ്രൻ രാഷ്ട്രീയത്തിലിറങ്ങിയത്.
സിപിഐയുടെ കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഒപ്പം 21ാം വയസിൽ സംസ്ഥാന കൗൺസിലിലേക്ക് അദ്ദേഹം എത്തി. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 28ാം വയസിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായും അദ്ദേഹം മാറി. യുവജന സംഘടനാ രംഗത്ത് എബി ബര്‍ദനൊപ്പം ദേശീയ തലത്തിലും കാനം രാജേന്ദ്രൻ പ്രവര്‍ത്തിച്ചിരുന്നു.
പാര്‍ട്ടിയുടെ യുവനിരയിൽ പ്രധാനിയായിരുന്ന കാനം രാജേന്ദ്രൻ 32ാം വയസിൽ വാഴൂര്‍ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 1987 ലും വാഴൂര്‍ മണ്ഡലത്തിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പക്ഷെ, പിന്നീടുള്ള രണ്ട് വട്ടം വാഴൂരിൽ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് അദ്ദേഹം മടങ്ങി വന്നില്ല. രാഷ്ട്രീയത്തിൽ സജീവമായ കാനം രാജേന്ദ്രൻ ട്രേഡ് യൂണിയൻ രംഗത്താണ് പ്രവര്‍ത്തിച്ചത്.
എഐടിയുസിയുടെ നേതാവായി നിൽക്കെയാണ് സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ എത്തിയത്. 2015 ലായിരുന്നു പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവെന്ന പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2022 ഒക്ടോബറിൽ മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. വനജയാണ് കാനം രാജേന്ദ്രന്റെ ഭാര്യ. സ്‌മിത, സന്ദീപ് എന്നിവര്‍ മക്കളാണ്.
