കോഴിക്കോട്/മലപ്പുറം: വെട്ടേറ്റ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ പേരിൽ നിർമിക്കുന്ന 'ടി പി ചന്ദ്രശേഖരൻ ഭവൻ' എന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കാനം രാജേന്ദ്രനെയും എല്‍ഡിഎഫിലെ മറ്റ് നേതാക്കളെയും സിപിഎം വിലക്കിയെന്ന് ആര്‍എംപി ആരോപിച്ചിരുന്നു. 

പരിപാടിയിൽ പങ്കെടുക്കാമെന്ന് താൻ ഏറ്റിട്ടില്ലെന്നാണ് കാനം വിശദീകരിക്കുന്നത്. ആദ്യം തന്നെ വിളിച്ചപ്പോൾത്തന്നെ പങ്കെടുക്കില്ലെന്ന് പറഞ്ഞതാണ്. അന്ന് എനിക്ക് വേറെ പരിപാടിയുണ്ടെന്ന് പറഞ്ഞിരുന്നതാണ്. ഇത് നേരത്തേ വിശദീകരിച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടാകേണ്ട സാഹചര്യമില്ലെന്നും കാനം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്ന കാനം സിപിഎം സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പിന്‍മാറിയതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചിരുന്നു. ജനുവരി രണ്ടിന് വടകര ഓര്‍ക്കാട്ടേരിയിലാണ് ടി പി ഭവന്‍ ഉദ്ഘാടനം. ടി പി ചന്ദ്രശേഖരന്‍റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി പി ഭവന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ച കാനം രാജേന്ദ്രന്‍ പിന്നീട് വിളിച്ച് അസൗകര്യം അറിയിച്ചതായി ആര്‍എംപി നേതാക്കള്‍ പറഞ്ഞു. കടുത്ത സംഘർഷം ഉള്ള സമയത്ത് പോലും സിപിഐ നേതാക്കൾ ആർഎംപി സംഘടിപ്പിച്ചിരുന്ന സെമിനാറുകളിൽ പങ്കെടുത്തിരുന്നു. സിപിഎം സമ്മര്‍ദ്ദമാണ് ഇപ്പോഴത്തെ പിന്‍മാറ്റത്തിന് കാരണമെന്നും ആര്‍എംപി ആരോപിച്ചു.

എന്നാല്‍ സിപിഎമ്മിനെ മാറ്റിനിര്‍ത്തിയും യുഡിഎഫ് നേതാക്കള്‍ക്ക് പ്രാധാന്യം നല്‍കിയും സംഘടിപ്പിക്കുന്ന ചടങ്ങായതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ജനതാദള്‍ നേതാക്കള്‍ വ്യക്തമാക്കുന്നത്. ടി പി ഭവന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ടി പി അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും മുസ്ലിം ലീഗ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.