കെ എൻ ബാലഗോപാലിലുള്ള പ്രീതി പിൻവലിച്ച ഗവര്‍ണറിന്മേലുള്ള പ്രീതി ഞങ്ങളും പിൻവലിച്ചുവെന്നും കാനം പരിഹസിച്ചു.

ആലപ്പുഴ : സംസ്ഥാന സ‍ര്‍ക്കാരിനോട് ഇടഞ്ഞ ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശുംഭനെന്ന് വിശേഷിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകത്തിലെ എല്ലാ അധികാരങ്ങളും തന്റേതാണെന്ന് ഏതെങ്കിലുമൊരു ശുംഭൻ വിചാരിച്ചാൽ എന്തു ചെയ്യാൻ കഴിയുമെന്നും അങ്ങനെ തന്നെ ചിന്തിക്കട്ടെന്നുമായിരുന്നു കാനത്തിന്റെ പരിഹാസം. ധനമന്ത്രി കെ എൻ ബാലഗോപാലിലുള്ള പ്രീതി പിൻവലിച്ച ഗവര്‍ണറിന്മേലുള്ള പ്രീതി ഞങ്ങളും പിൻവലിച്ചുവെന്നും കാനം ആലപ്പുഴയിൽ പറഞ്ഞു. സിപിഎമ്മിലും സിപിഐയിലും ഒഴിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ചയാളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 9 പാർട്ടികളിൽ മാറി മാറി കയറിയിറങ്ങി. ഇപ്പോൾ കേരളത്തിൽ ഗവർണർ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രൻ പരിഹസിച്ചു. 

ഗവർണർക്കെതിരെ ജനങ്ങൾ പ്രതിരോധം തീർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ഫയലിൽ ഒപ്പിടില്ല, ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോവില്ല. ഗവർണറുടെ നിലപാടിനെതിരെ ജനങ്ങൾ അണിനിരക്കുന്ന കാഴ്ച കേരളം കാണാൻ പോകുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

വിഎസിനെ വിറപ്പിച്ച പോരാളി, കണ്ണൂരും പാലക്കാട്ടും തോൽവിയിലും തിളങ്ങിയ പാച്ചേനി; 'ഒരാഗ്രഹം' മരണത്തിലും ബാക്കി!