തിരുവനന്തപുരം: ഭാഗികമായി സംസ്‍കരിച്ച കശുവണ്ടി പരിപ്പ് ഇറക്കുമതി ചെയ്യാനുള്ള അനുമതി കേന്ദ്ര സർക്കാർ പിൻവലിച്ചത് സ്വാഗതാര്‍ഹമെന്ന് കാനം രാജേന്ദ്രന്‍. കശുവണ്ടി തൊഴിലാളി കൗണ്‍സില്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. ആര് നല്ലത് ചെയ്താലും അത് അംഗീകരിക്കുന്നതിന് എഐടിയുസിക്ക് മടിയില്ലെന്നും കാനം പറഞ്ഞു. കാഷ്യു ബോര്‍ഡിന്‍റെ പ്രവര്‍ത്തനം പൂർണമായും തൃപ്തികരമല്ലെന്നും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കശുമാവ് തൈകൾ വച്ചുപിടിപ്പിക്കാനുള്ള തീരുമാനം ഫലവത്തായില്ലെന്നും കാനം പറഞ്ഞു.

ഭാഗികമായി സംസ്കരിച്ച കശുവണ്ടി പരിപ്പ് ഇറക്കുമതി നടത്താന്‍ 2018ല്‍ കേന്ദ്രസർക്കാർ അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 500 കോടി രൂപയുടെ വിദേശ കശുവണ്ടി പരിപ്പ് വിപണിയില്‍ എത്തിയെന്ന്  കാഷ്യൂ എക്സ്പോർട്ടേഴ്സ് പ്രമോഷൻ കൗൺസില്‍ പറയുന്നു. കശുവണ്ടി പരിപ്പിന്‍റെ ഇറക്കുമതി നിർത്തലാക്കുന്നതോടെ  പ്രതിസന്ധിയിലായിരുന്ന ഫാക്ടറി ഉടമകള്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇറക്കുമതി നിർത്തിയതോടെ രണ്ട് ദിവസത്തിനുള്ളില്‍ വിപണിയില്‍ മാറ്റം കണ്ടുതുടങ്ങി. കശുവണ്ടി പരിപ്പിന് വില ഉയരാനുള്ള സാധ്യതയും തള്ളി കളയുന്നില്ല.

Read More: കശുവണ്ടി പരിപ്പ് ഇറക്കുമതി നിര്‍ത്തി; പ്രതീക്ഷയില്‍ വ്യവസായികള്‍...