ഭാസുരാംഗന്‍റെ തട്ടിപ്പ് അക്കമിട്ട് നിരത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്.
കണ്ടല സർവ്വീസ് സഹരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ സിപിഐ നേതാവ് ഭാസുരാംഗനെതിരെ ഇനിയും ഒരു നിയമനടപടിയും സ്വീകരിക്കാതെ പൊലീസ്. 66 കേസുകളിൽ ഒന്നാം പ്രതിയായ ഭാസുരാംഗനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. ഭാസുരാംഗന്‍റെ തട്ടിപ്പ് അക്കമിട്ട് നിരത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്.
കണ്ടലയിൽ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്നത് പല തരം തട്ടിപ്പുകളാണ് ഒന്നിട്ടാൽ രണ്ട്, രണ്ടിട്ടാൽ നാല് എന്നിങ്ങനെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ തട്ടിപ്പ് രീതി വരെ നടത്തിയിരുന്നു ഭാസുരാംഗൻ. സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള പേരിലുള്ള ഇരട്ടിപ്പ് തട്ടിപ്പ് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ തന്നെ. സഹകരണ നിയമത്തിനന് വിരുദ്ധമായായിരുന്നു ഇരട്ടിപ്പ് ഇടപാട്.
ഒരിക്കൽ നിക്ഷേപിച്ചാൽ വർഷങ്ങള്‍ കഴിഞ്ഞുമാത്രമാണ് നിക്ഷേപകനെത്തുക. ഇതു അറിയാവുന്ന ഭാസുരംഗനും ബാങ്ക് ഭരണസമിതിയും ഈ പണമെടുത്ത് വകമാറ്റി. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയപ്പോൾ ബാങ്ക് കൂപ്പുകുത്തി. 1500ൽ പരം നിക്ഷേപകർക്ക് പണം നഷ്ടമായി. വലിയ ക്രമക്കേട് നടത്തിയ ഭാസുരാംഗനെതിരെയും ഭരണസമിതി അംഗങ്ങള്‍ക്കതിരെയും പലരും പരാതിയുമായി മാറന്നല്ലൂർ പൊലിസിനെ സമീപിച്ചു. ആദ്യം കേസെടുക്കാൻ പൊലിസ് തയ്യാറായില്ല.
വിവാദങ്ങള്‍ തുടങ്ങിയതോടെ 66 കേസുകള്‍ ഇതേവരെ രജിസ്റ്റർ ചെയ്തു. എല്ലാത്തിനും ഒന്നാം പ്രതി ഭാസുരാംഗനാണ് ഒന്ന് വിളിച്ചുവരുത്തി മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. മൂന്നു കോടിക്കു മുകളിലാണെങ്കിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കണം, അഞ്ചു കോടിക്കു മുകളിലെങ്കിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കണം. 30 കോടിയിലധികം തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിട്ടും കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചെറുവിരൽ പൊലീസ് അനക്കിയിട്ടില്ല.
ഭാസുരാംഗന് മുൻകൂർ ജാമ്യത്തിനായി പൊലിസ് എല്ലാ ഒത്താശയും ചെയ്യുന്നു എന്ന് ആരോപണമുയരുന്നു. ഭാസുരാംഗൻെറ രാഷ്ട്രീയ സ്വാധീനമാണ് എല്ലാത്തിനും പിന്നിൽ. ഇത്രയേറെ തട്ടിപ്പ് നടത്തിയതായി സഹരണ വകുപ്പ് കണ്ടെത്തിയാള്‍ ഇന്നും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായും തുടരുന്നു. പരാതിയുമായി ഇതുവരെ പൊലിസിന് സമീപിച്ചിരിക്കുന്നത് ലക്ഷങ്ങള്‍ നഷ്ടമായവരാണ്. കോടികളുടെ നിക്ഷേപം നടത്തിയിട്ടും ഇതുവരെ പരാതി പറയാത്തവരും കണ്ടലയിലുണ്ട്.
കരുവന്നൂർ, കണ്ടല ബാങ്ക് തട്ടിപ്പുകൾ; സിപിഐക്ക് ആശങ്ക, സംസ്ഥാന കൗൺസിലിൽ വിമർശനം
