തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്108' പ്രവര്‍ത്തന സജ്ജമായിട്ട് ഒരുവര്‍ഷമായി. ഈ കൊവിഡ് കാലത്തും കനിവ് 108ന്റെ സേവനം വളരെ വിലപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17നാണ് കനിവ് 108ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 മുതലാണ് ഈ ആംബുലന്‍സുകള്‍ ഓടിത്തുടങ്ങിയത്. കുറഞ്ഞ നാള്‍കൊണ്ട് അതിവേഗത്തില്‍ സേവനമെത്തിക്കാന്‍ കനിവ് 108ന് കഴിഞ്ഞു. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമായി 316 ആംബുലന്‍സുകളും 1300ല്‍ അധികം ജീവനക്കാരുമാണ് സേവനമനുഷ്ടിക്കുന്നത്. ആകെ 2,83,984 പേര്‍ക്ക് അടിയന്തര സേവനമെത്തിക്കാന്‍ സാധിച്ചു. കൊവിഡ് കാലയളവിലും ഇവരുടെ സേവനം വലുതാണ്. 293 കനിവ് 108 ആംബുലന്‍സുകളും ആയിരത്തിലധികം ജീവനക്കാരുമാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കനിവ് 108ലെ എല്ലാ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ കനിവ് 108 ആംബുലന്‍സുകളുടെ സേവനം തേടിയത്. പാലക്കാട് ജില്ലയിലെ 38,298 ആളുകള്‍ കനിവിന്റെ സേവനം പ്രയോജനപ്പെടുത്തി. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സേവനം ഉപയോഗിച്ചത്. 5,108 പേര്‍ മാത്രമാണ് ഒരു വര്‍ഷത്തിനിടയില്‍ വയനാട് സേവനം ഉപയോഗിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ 27 പ്രസവങ്ങള്‍ കനിവ് 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ പരിചരണത്തില്‍ നടന്നു. ഇതില്‍ കൊവിഡ് രോഗിയായ യുവതിയുടേത് ഉള്‍പ്പടെ 13 പ്രസവങ്ങള്‍ ആംബുലന്‍സുകള്‍ക്ക് ഉള്ളിലും 14 പ്രസവങ്ങള്‍ കനിവ് ജീവനക്കാരുടെ പരിചരണത്തില്‍ വീടുകളിലും മറ്റിടങ്ങളിലുമാണ് നടന്നത്.1,75,724 ആളുകള്‍ക്ക് കൊവിഡ് അനുബന്ധ സേവനം എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്കായി.

കോയമ്പത്തൂര്‍ ബസ് അപകടം, പെട്ടിമുടി ദുരന്തം, കോഴിക്കോട് വിമാനത്താവളത്തിലെ വിമാനാപകടം ഉള്‍പ്പടെ ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ പല ദുരന്തമുഖത്തും കനിവ് 108 ആംബുലന്‍സുകളുടെ സേവനം പ്രശംസ പിടിച്ചുപറ്റി. കൊവിഡ് ഡ്യൂട്ടിക്കിടയില്‍ തൃശ്ശൂര്‍ അന്തിക്കാട് കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ട എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഡോണ സെബാസ്റ്റ്യന്റെ കുടുംബത്തിന്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൊവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നും 50 ലക്ഷം നല്‍കിയിരുന്നു. കൊവിഡ് ഡ്യൂട്ടിയില്‍ ഉള്ള 108 ആംബുലന്‍സ് ജീവനകാരെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

സമഗ്ര ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയാണ് കനിവ് 108 സാക്ഷാത്ക്കരിച്ചത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നാണ് സംസ്ഥാനത്ത് 108 ആംബുലന്‍സുകളുടെ സേവനം ഏകോപിപ്പിക്കുന്നത്. 108ലേക്ക് വരുന്ന ഓരോ അത്യാഹിത സന്ദേശങ്ങള്‍ക്കും ഇവിടെ നിന്നാണ് ജി.പി.എസ് സംവിധാനം വഴി അടുത്തുള്ള ആംബുലന്‍സുകള്‍ വിന്യസിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആര്‍.ഐയാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

ട്രോമാ കേസുകള്‍ക്കാണ് കനിവ് 108 പ്രഥമ പരിഗണ നല്‍കുന്നത്. അതുകഴിഞ്ഞ് മറ്റ് മെഡിക്കല്‍ എമര്‍ജന്‍സികൾക്കും പ്രാധാന്യം നല്‍കും. ഗര്‍ഭിണികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനും സേവനം ഉപയോഗിക്കാം. ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഒരാശുപത്രിയില്‍ നിന്നും മറ്റൊരാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായുള്ള ഇന്റര്‍ ഫെസിലിറ്റി ട്രാന്‍സ്‌പോര്‍ട്ട് (ഐ.എഫ്.ടി.) സേവനവും കനിവ് 108 ആംബുലന്‍സുകള്‍ നല്‍കുന്നതാണ്.