Asianet News MalayalamAsianet News Malayalam

പാലക്കാട് ജില്ലയിൽ ഡെൽറ്റയുടെ വകഭേദത്തിന്‍റെ ഉറവിടം കണ്ണാടി പഞ്ചായത്ത്; പൂർണമായും അടച്ചിട്ടു, ജാഗ്രതാ നടപടി

കണ്ണാടി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി അതിർത്തികൾ അടയ്ക്കാനും പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സ്വീകരിക്കണം

kannadi panchayat palakkad district closed due to covid delta plus virus
Author
Palakkad, First Published Jun 28, 2021, 12:09 AM IST
  • Facebook
  • Twitter
  • Whatsapp

പാലക്കാട്: കൊവിഡിന്‍റെ തീവ്രതയേറിയ ഡെൽറ്റ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് ഇന്ന്മുതൽ ഒരാഴ്ച അടച്ചിടും. നേരത്തെ പറളി, പിരായിരി എന്നിവിടങ്ങളിലെ വ്യക്തികൾക്ക് ഡെൽറ്റാ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് പഞ്ചായത്തുകളും അടച്ചിട്ടിരുന്നു. ഇവ‍ർക്ക് ഡെൽറ്റ വകഭേദം ഉണ്ടായതിന്‍റെ ഉറവിടം കണ്ണാടി സ്വദേശിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ പഞ്ചായത്തും അടച്ചിടുന്നത്.

നിലവിൽ ആശങ്കയ്ക്ക് വകയില്ലെങ്കിലും ജാഗ്രതയുടെ ഭാഗമായാണ് നടപടി എന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്. രോഗത്തിന്‍റെ ഉറവിടമായ വ്യക്തിയിൽ നിന്ന് നിരവധി പേർക്ക് നേരത്തെ രോഗ പകർച്ച ഉണ്ടായിട്ടുണ്ട്. പറളി, പിരായിരി പഞ്ചായത്തുകളിലെ നിരവധി ആളുകളുമായി കണ്ണാടിയിൽ ഉള്ളവർക്കും സമ്പർക്കം ഉണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

പഞ്ചായത്ത് അടച്ചു പൂട്ടിയതായി ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ്

ഡെല്‍റ്റ വൈറസ് വകഭേദത്തിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കണ്ണാടി ഗ്രാമപഞ്ചായത്ത് ജൂൺ 28  മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. ജില്ലയിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയ വ്യക്തികളുടെ രോഗവ്യാപന ഉറവിടം, രോഗികളുടെ സമ്പർക്കം എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ണാടി ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിയിൽ നിന്നാണ് രോഗം പകരാൻ ഇടയായതെന്നും, സമ്പർക്ക പട്ടികയിൽ വന്ന എല്ലാ വ്യക്തികൾക്കും കൊവിഡ് ബാധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് കൊവിഡ് മരണങ്ങൾ സംഭവിച്ചിട്ടുള്ളതായും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതായും രോഗികൾക്ക് പറളി, പിരായിരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുമായി  സമ്പർക്കം ഉണ്ടായിട്ടുള്ളതായും കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ഏർപ്പെടുത്തേണ്ടതിന്‍റെ ഭാഗമായാണ് നടപടി.

കണ്ണാടി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി അതിർത്തികൾ അടയ്ക്കാനും പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സ്വീകരിക്കണം. കൂടാതെ, പഞ്ചായത്തിൽ കൊവിഡ് പരിശോധന ശക്തമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യം, പഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ആഹാര സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പാൽ പാലുല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കടകള്‍, പഴം -പച്ചക്കറി വില്‍ക്കുന്ന കടകള്‍, മീൻ - ഇറച്ചി  കടകള്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറന്നു പ്രവർത്തിക്കാനാണ് അനുമതി. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു നൽകുന്നതിന് ആര്‍.ആര്‍.ടിമാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കി ബന്ധപ്പെട്ട  സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.

ഹോട്ടലുകള്‍, റെസ്റ്റൊറെന്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്. ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ, പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും ഒഴിവാക്കി ഉച്ചയ്ക്ക് രണ്ടുവരെ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം.

അവശ്യ സേവനങ്ങള്‍ക്കും, ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. കൂടാതെ പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള  സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നീരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios