ചെറുപുഴയിൽ മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച പറ്റിയ സംഭവത്തിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം. പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടുമാണ് വിശദീകരണം തേടിയത്.

കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയ സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നൽകി. ഇന്ന് മൂന്ന് മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. സംഭവത്തിൽ റവന്യൂ മന്ത്രി എ പി അനിൽ കുമാ‍ർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ എഡിഎമ്മിനെ ജില്ലാ കളക്ടർ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു.

ചെറുപുഴ മീന്തുള്ളിയിൽ തുരുത്തിൽപെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി ആർ രാജേഷ് ഒഴുക്കിൽപെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആണ് രാജേഷിൻ്റെ മൃതദേഹം ലഭിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പരിയാരത്തുള്ള ആംബുലൻസിൽ ഫ്രീസർ സൗകര്യം ഇല്ലാത്തതിനാൽ ഇക്കാര്യം റവന്യൂ അധികൃതരെ അറിയിച്ചിരുന്നു എന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വാദം. സ്വകാര്യ ആംബുലൻസുകൾ വലിയ തുക വാടക പറഞ്ഞെന്നും സുപ്രണ്ട് പറഞ്ഞു. ഇങ്ങനെയൊരു പ്രശ്നം തനിക്ക് അറിയില്ലെന്നായിരുന്നു പയ്യന്നൂ‍ർ തഹസീൽദാറുടെ നിലപാട്.

ആംബുലൻസ് കോഴിക്കോട് എത്തിയപ്പോഴേക്കുമാണ് മൃതദേഹത്തിൻ്റെ അവസ്ഥ മോശമായത്. വിഷയം മെഡിക്കൽ കോളേജിനെ സൂപ്രണ്ടിനെ അറിയിച്ചതോടെ, സൂപ്രണ്ട് ഇടപെട്ട് ചാവക്കാട് വെച്ച് സ്വകാര്യ ആംബുലൻസ് ഏ‍ർപ്പെടാക്കി. സംഭവം വിവാദമായതോടെ ആണ് റവന്യൂ മന്ത്രി എ പി അനിൽ കുമാർ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തത്. ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് റവന്യൂ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നതായി രാജേഷിൻ്റെ നാട്ടിൽ നിന്നെത്തിയ പഞ്ചായത്തം​ഗം മ​ഹേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.