കണ്ണൂര്‍: കേരളത്തില്‍ ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇലക്ട്രിക് ടാക്‌സി കാര്‍ സര്‍വീസ് തുടങ്ങി.  ഭാവിയില്‍ വിമാനത്താവളത്തിനാവശ്യമായ മുഴുവന്‍ വാഹനങ്ങളും വൈദ്യുതി പ്രവര്‍ത്തിക്കുന്നവ ആക്കലാണ് ലക്ഷ്യമെന്ന് കിയാല്‍ എംഡി അറിയിച്ചു. പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ മാറ്റുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.  മൂന്ന് വൈദ്യുത വാഹനങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. കിയാല്‍ എംഡി വി.തുളസീദാസ് ആദ്യ യാത്രക്കാര്‍ക്ക് പാസ് നല്‍കി സര്‍വീസ് ഉദ്ഘാടനം ചെയ്തു. 

ഒറ്റതവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.  വിമാനത്താവളത്തില്‍ തന്നെ ഇതിന്റെ ചാര്‍ജിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 11 മണിക്കൂര്‍ വേണം ഫുള്‍ ചാര്‍ജ് ആകാന്‍. സ്പീഡ് ചാര്‍ജര്‍ സംവിധാനം എത്തിയാല്‍ രണ്ട് മണിക്കൂര്‍ മതിയാകും. തലശ്ശേരി തളിപ്പറമ്പ് കണ്ണൂര്‍ അടക്കമുള്ള പോയിന്റുകളില്‍ ചാര്‍ജിംഗ് യൂണിറ്റ് ഒരുക്കാനും ആലോചനയുണ്ട്. കാര്‍ സര്‍വീസ് കോണ്‍ട്രാക്ടിന് എടുത്തിട്ടുള്ള സ്വകാര്യ കമ്പനിയാണ് വാഹനങ്ങള്‍ ഇറക്കിയത്. വരും വര്‍ഷങ്ങളില്‍ വിമാനത്താവളത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കാനാണ് കിയാല്‍ തീരുമാനം.