കണ്ണൂ‍ർ: ആന്തൂർ വിഷയത്തിലെ വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂ‍ർ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ആന്തൂർ വിഷയത്തിൽ ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് സംസ്ഥാന സമിതി നേരത്തെ തള്ളിയിരുന്നു. കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയും ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

യോഗത്തിൽ ആന്തൂർ വിഷയം ചർച്ചയാകാനാണ് സാധ്യത. താഴെത്തട്ടിൽ നിന്നുള്ള ശക്തമായ വികാരം ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിഫലിച്ചേക്കും എന്നാണ് വിലയിരുത്തല്‍. ഇന്നലെ സെക്രട്ടേറിയറ്റിൽ ഈ വിഷയം ഉയർന്നുവന്നെങ്കിലും കാര്യമായ ചർച്ചയായില്ല. ശ്യാമളക്കെതിരായ നിലപാടുള്ള അഭിമുഖം, സംസ്ഥാന സമിതി യോഗത്തിന് മുമ്പ് നൽകിയതാണെന്ന് ജയരാജൻ സെക്രട്ടേറിയറ്റിനെ അറിയിച്ചു. അതേസമയം വിഷയം കൂടുതൽ ചർച്ചകളിൽ സജീവമാക്കാതെ അവസാനിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. 

അതേസമയം, പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, സാജൻ പാറയലിന്‍റെ കൺവെൻഷൻ സെന്‍ററിൽ പരിഹരിക്കാവുന്ന ചട്ടലംഘനങ്ങൾ മാത്രമാണുള്ളതെന്ന് ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ട് ഇന്നലെ തദ്ദേശസ്വയംഭരണ മന്ത്രിക്ക് കൈമാറി. 

ജൂണ്‍ 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ് പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.