കണ്ണൂർ: പാനൂരിലെ നാലാം ക്ലാസുകാരിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബാലക്ഷേമ സമിതി ചെയർമാൻ രംഗത്ത്. സിഡബ്യൂസിയെ അറിയിക്കാതെയാണ് നാലാംക്ലാസുകാരിയെ കോഴിക്കോടേക്ക് കൗൺസിലിംഗിന് കൊണ്ടുപോയത്. കണ്ണൂര്‍ ജില്ലയിൽ നിരവധി കൗൺസിലിംഗ് കേന്ദ്രങ്ങളുണ്ടായിട്ടും കോഴിക്കോട് കൊണ്ടുപോയത് തെറ്റാണെന്നും ഡോ. ഇഡി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

കൗൺസിലിംഗ് നൽകണമെങ്കിൽ സിഡബ്യൂസിയെ അറിയിച്ച് അനുവാദം വാങ്ങണമായിരുന്നു. കുട്ടിയെ സ്കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തതും നിയമ ലംഘനമാണ്. എഫ്ഐആർ നൽകിയതല്ലാതെ സിഡബ്യൂസിയെ തുടർ നടപടികളൊന്നും അറിയിച്ചില്ല. കേസിൽ പോക്സോ നിയമത്തിന്റെ ലംഘനങ്ങൾ നിരവധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികരിക്കാതെ പൊലീസ് അതേ സമയം കുട്ടിയെ കൗൺസിലിംഗിന് വേണ്ടി കോഴിക്കോട് കൊണ്ടുപോയതിനെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. 

പാനൂരില്‍ സ്‍കൂള്‍ കുട്ടിയെ പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവായ അധ്യാപകന്‍ പിടിയില്‍

പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന് ആരോപിച്ച് നേരത്തെ കുടുംബം രംഗത്തെത്തിയിരുന്നു. കേസിൽ കോഴിക്കോടടക്കം പലസ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും കുഞ്ഞിന് കടുത്ത മാനസീക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപണമുന്നയിച്ചിരുന്നു.