രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മെഗാ എക്സിബിഷനും പ്രദര്‍ശന വിപണന മേളയും ഏപ്രിൽ 11 മുതൽ 17 വരെ കണ്ണൂരിൽ

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം "എന്‍റെ കേരള"ത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷനും പ്രദര്‍ശന വിപണന മേളയും ഏപ്രിൽ 11 മുതൽ 17 വരെ നടക്കും. കണ്ണൂര്‍ പോലീസ് മൈതാനമാണ് വേദി.

കലാപരിപാടികള്‍, സാംസ്‍കാരിക പരിപാടികള്‍, അമ്യൂസ്മെന്‍റ് ഏരിയ, സ്പോര്‍ട്‍സ് ഏരിയ, ഫുഡ്‍കോര്‍ട്ട് എന്നിവ പരിപാടിയുടെ ഭാഗമായി സജ്ജമാണ്. പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 11-ന് പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്‍ണന്‍ നിര്‍വഹിച്ചു.

മെഗാ എക്സിബിഷനും പ്രദര്‍ശന വിപണന മേളയ്ക്കും ഒപ്പം നടക്കുന്ന വിവിധ കലാപരിപാടികള്‍: ഏപ്രിൽ 12-ന് ആരോസ് ഡാൻസ് ഷോ, 13-ന് മോയിൻകുട്ടി വൈദ്യര്‍ സ്‍മാരകം കൊണ്ടോട്ടി അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകള്‍, 14-ന് കഥക് ഡാൻസ്, 15-ന് സാംശിവ ബാൻഡ് മ്യൂസിക് ഷോ, 16-ന് നാടകം ബൊളിവീയൻ സ്റ്റാര്‍സ്, 17-ന് കെ.എൽ 14 വടക്കൻ ടോക്സ് അവതരിപ്പിക്കുന്ന സംഗീത പരിപാടി.

ഏപ്രിൽ 17-ന് വൈകീട്ട് നാല് മണിക്ക് സമാപന സമ്മേളനം നിയമസഭ സ്പീക്കര്‍ എ.എൻ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ സംസാരിക്കും.