Asianet News MalayalamAsianet News Malayalam

കണ്ണൂർ, കേരള സർവകലാശാലകളിലെ ചോദ്യപേപ്പർ വിവാദം: നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

രണ്ട് സർവകലാശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിസി മാർ പരീക്ഷകൾ റദ്ദാക്കിയത്

Kannur Kerala University question paper controversy Memorandum given to Governor
Author
Thiruvananthapuram, First Published Apr 23, 2022, 4:37 PM IST

തിരുവനന്തപുരം: കണ്ണൂർ, കേരളാ സർവകലാശാലകളിലെ ചോദ്യപേപ്പർ തയാറാക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ആണ് നിവേദനം നൽകിയത്. ഉത്തരവാദികളെ പരീക്ഷാ ജോലികളിൽ നിന്ന് ഡി ബാർ ചെയ്യണം എന്നും ആവശ്യമുണ്ട്. 

മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിലുള്ള  ചോദ്യങ്ങൾ തന്നെ അതേ പടി ഈ വർഷവും ചോദ്യപേപ്പറുകളിൽ ഉപയോഗിച്ചത് പുറത്ത് വന്നതോടെയാണ് നിവേദനം നൽകിയത്. കണ്ണൂർ സർവ്വകലാശാല സൈക്കോളജി മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മുൻ വർഷത്തെ ചോദ്യങ്ങൾ തന്നെ ഈ വർഷവും നൽകിയിരുന്നു. ഇതേ കാരണത്താൽ കേരള സർവകലാശാല ബിഎ ഇംഗ്ലീഷ് അവസാന സെമസ്റ്റർ പരീക്ഷയുടെ ഏപ്രിൽ ആറിന് നടത്തിയ പരീക്ഷ റദ്ദാക്കി ഇന്നലെ വീണ്ടും നടത്തി.

രണ്ട് സർവകലാശാലകളിലും മുൻ വർഷത്തെ ചോദ്യങ്ങൾ ആവർത്തിച്ചതായി സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിസി മാർ പരീക്ഷകൾ റദ്ദാക്കിയത്. സർവ്വകലാശാല പഠന ബോർഡ് ചെയർമാന്മാർ നൽകുന്ന പാനലിൽ നിന്നാണ് പരീക്ഷാ കൺട്രോളർ ചോദ്യപേപ്പർ തയ്യാറാക്കാൻ ഒരു അധ്യാപകനെ നിയമിക്കുന്നത്. ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് (പഠന ബോർഡ്) ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

മുൻവർഷത്തെ ചോദ്യപേപ്പർ പകർത്തിയെഴുതിയ ചോദ്യകർത്താവും, അത് പരിശോധിച്ച പഠന ബോർഡിൻറെ ചെയർമാനും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചവരുത്തിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ ആരോപിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷത്തിനും സർവകലാശാലയ്ക്ക് അധിക ചെലവിനും കാരണമാവുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ അധ്യാപകരെ രാഷ്ട്രീയ താത്പര്യത്തിൽ പഠന ബോർഡിന്റെ ചെയർമാനും അംഗങ്ങളുമായി നിയമിക്കുന്നതാണ് ഇത്തരം ഗുരുതര  വീഴ്ചയ്ക്ക് കാരണമാകുന്നത്. ഉത്തരവാദികളായ ചോദ്യകർത്താക്കളെയും  പഠന ബോർഡ് അംഗങ്ങളെയും പരീക്ഷ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യാനും, പ്രൊമോഷൻ തടയാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Follow Us:
Download App:
  • android
  • ios