നടുവിൽ സ്വദേശി പ്രജുലാണ് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രജുലിന്റെ സുഹൃത്തുക്കളായ മിഥിലാജ്, ഷാക്കിർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25 ന് നടന്നൊരു മുങ്ങിമരണമാണ് ഇപ്പോൾ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നത്.
കണ്ണൂർ: കണ്ണൂർ കുടിയാന്മലയിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. നടുവിൽ സ്വദേശി പ്രജുലാണ് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രജുലിന്റെ സുഹൃത്തുക്കളായ മിഥിലാജ്, ഷാക്കിർ എന്നിവർ പിടിയിലായി.
കഴിഞ്ഞ മാസം 25 ന് നടന്നൊരു മുങ്ങിമരണമാണ് ഇപ്പോൾ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റേയും നാട്ടുകാരുടെയും പ്രാഥമിക നിഗമനം. 30കാരനായ പ്രജുലിന്റെ മരണത്തിൽ പക്ഷേ സംശയങ്ങൾ ബാക്കിയായി. അധികം ആഴമില്ലാത്ത കുളത്തിൽ നീന്തൽ അറിയുന്ന പ്രജുൽ എങ്ങനെ മുങ്ങി മരിച്ചു, അർദ്ധരാത്രി ഏരോടിയിലെ കൃഷിയിടത്തിലെ കുളത്തിന് സമീപം പ്രജുൽ എന്തിന് എത്തി, എന്നീ സംശയങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നീണ്ടത് നേരത്തെ ലഹരികേസുകളിൽ പ്രതിയായ ഷാക്കിർ, മിഥിലജ് എന്നിവരിലേക്കായിരുന്നു. കുളക്കടവിൽ മദ്യപിച്ചിരുന്ന സുഹൃത്തുക്കളായ മൂവരും തമ്മിൽ തർക്കമുണ്ടായി. അടിയേറ്റ് വീണ പ്രജുൽ മരിച്ചെന്നു കരുതി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ കാര്യമായി ഒന്നും ലഭിച്ചില്ല. പോസ്റ്റുമോർട്ടത്തിൽ ശ്വാസ കോശത്തിൽ കുളത്തിലെ ചെളി വെള്ളം കണ്ടെത്തി. പക്ഷേ കുളക്കടവിൽ നിന്ന് കണ്ടെത്തിയ പ്രജുലിന്റെ മൊബൈൽ ഫോൺ കേസിൽ നിർണായകമായി.
പ്രതികളുമായി നടന്ന സാമ്പത്തിക ഇടപാടുകൾ, ലഹരി ബന്ധങ്ങൾ. മിഥിലജിനെ ആദ്യം അറസ്റ്റ് ചെയ്ത കുടിയാന്മല പൊലീസ് വൈകാതെ ഷാക്കിറിനെയും പൊക്കി. പ്രജുലിന്റെ സംസ്കാരത്തിനുൾപ്പെടെ പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു. ലഹരിക്കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷാക്കിർ. ഈ സംഘത്തിൽ പെട്ടവരാണ് മരിച്ച പ്രജുലും പ്രതി മിദ്‌ലജുമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



