കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂർ മേയർ ടിഒ മോഹനൻ വെളിപ്പെടുത്തി. ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരീക്ഷണം. സംഭവത്തില്‍ ബോംബുണ്ടാക്കിയ ആൾ ഉൾപെടെ നാല് പേർ പിടിയിലായി. റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്.

കണ്ണൂര്‍: കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ ബോംബെറിഞ്ഞുള്ള കൊലപാതകത്തില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടിഒ മോഹനൻ. കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നുവെന്ന് കണ്ണൂർ മേയർ ടിഒ മോഹനൻ വെളിപ്പെടുത്തി. ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്തായിരുന്നു പരീക്ഷണം. ഇവിടെ നിന്നും അർധരാത്രി ഉഗ്ര ശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് കേസിലെ പ്രതികൾ. കൊല്ലപ്പെട്ട ജിഷ്ണുവും ഏച്ചൂരിലെ സിപിഎം പ്രവർത്തകനാണ്. ബോംബ് സുലഭമാകുന്നതിൽ അന്വേഷണം വേണമെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തില്‍ ബോംബുണ്ടാക്കിയ ആൾ ഉൾപെടെ നാല് പേർ പിടിയിലായി. റിജുൽ സി കെ, സനീഷ്, അക്ഷയ് പി, ജിജിൽ എന്നിവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ബോംബ് എറിഞ്ഞ മിഥുനായി തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ജിഷ്ണുവിനും ഇപ്പോള്‍ പിടിയിലായ അക്ഷയ്ക്കും ഒളിവിലുള്ള മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കൾ വീണ്ടും ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.