പറയുന്നതല്ല രാഷ്ട്രീയക്കാരുടെ പ്രവർത്തിയെന്ന് തെളിയിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം. എസ്ഡിപിഐയുമായുളള രഹസ്യധാരണയുടെ പേരിൽ സിപിഎമ്മിന് രാഷ്ട്രീയമായി പഴികേൾക്കേണ്ടി വന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇത്തവണ ത്രികോണ മത്സരമാണ്.

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണംപിടിക്കാൻ കളത്തിലിറങ്ങി രാഷ്ട്രീയ പാർട്ടികൾ. വർഗീയ പാർട്ടികളുടെ വോട്ട് വേണ്ടെന്ന് പറയുന്ന രാഷ്ട്രീയ നേതൃത്വം കണ്ണൂർ മുഴപ്പിലങ്ങാട് എത്തിയാൽ കാണുന്നത് വ്യത്യസ്ഥമായ രാഷ്ട്രീയ സാഹചര്യമാണ്. എസ്ഡിപിഐയുമായുളള രഹസ്യധാരണയുടെ പേരിൽ സിപിഎമ്മിന് രാഷ്ട്രീയമായി പഴികേൾക്കേണ്ടി വന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇത്തവണ കടുത്ത ത്രികോണ മത്സരമാണ് നടക്കുക.

കിഴക്ക് അഞ്ചരക്കണ്ടിപുഴയും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിടുന്ന മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ പഞ്ചായത്ത് ഇത്തവണ ആരു ഡ്രൈവ് ചെയ്യും എന്നതിലുണ്ട് കൗതുകം. കാരണം അത്ര ഉറച്ചതല്ല ഇവിടുത്തെ രാഷ്ട്രീയ മണ്ണ്. ആരു ഭരിക്കണമെന്ന് മൂന്നാം കക്ഷിക്ക് നിർണയിക്കാവുന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാഹചര്യം. പക്ഷേ നാലുസീറ്റുളള എസ്ഡിപിഐ മൗനം പാലിച്ചു. ഫലത്തിലത് എൽഡിഎഫിനെ തുണച്ചു. തീരദേശ വോട്ടിൽ ചാഞ്ചാട്ടമുണ്ടായ കഴിഞ്ഞ തവണയും ഇടതിന് കോട്ട നില നിർത്താനായതങ്ങനെയെന്നായിരുന്നു ഉയർന്ന രാഷ്ട്രീയ ആക്ഷേപം. എൽഡിഎഫ് 7, യുഡിഎഫ് 4, എസ്ഡിപിഐ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഉറച്ച രണ്ടു വാർഡുകൾ എസ്ഡിപിഐ പിടിച്ചെടുത്തിരുന്നു. യുഡിഎഫിന്റെ രണ്ടു വാർഡുകളും. ഇവിടെയെല്ലാം സിപിഎം മൂന്നാമതായത് അടവുനയമെന്നാണ് യുഡിഎഫ് ആക്ഷേപം. അഞ്ചുവർഷത്തെ ഭരണ നേട്ടം ചൂണ്ടിക്കാട്ടി ഇതിനെ എൽഡിഎഫ് പ്രതിരോധിക്കുന്നു. അഞ്ചരക്കണ്ടി പുഴയിലെ മണലൂറ്റ് വിവാദം, ടൂറിസം, അടിസ്ഥാന സൗകര്യവികസം, അഞ്ചുവർഷത്തിലൊന്നും മാറിയില്ലെന്നും യുഡിഎഫ് ആക്ഷേ‌പം ഉയർത്തുന്നു. തെരുവുനായശല്യത്തിലുമില്ല മാറ്റമെന്നും ഭിന്നശേഷിക്കാരൻ കുഞ്ഞുനിഹാലിന്റെ മരണം മുഴപ്പിലങ്ങാട് മാത്രമല്ല, കേരളവും മറന്നിട്ടില്ലെന്നും യുഡിഎഫ് പറയുന്നു. എസ്ഡിപിഐ വോട്ടുകൾ മറിയുന്ന ദിക്കിലായിരിക്കും പഞ്ചായത്തിലെ ഭരണം. ഇക്കുറി എന്താണ് നിലപാടെന്ന് പരസ്യമാക്കുന്നില്ല നേതൃത്വവും.

YouTube video player