തിരുവനന്തപുരം/കണ്ണൂർ: വടകരയിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ സിഒടി നസീറിനെതിരായ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് കണ്ണൂർ എസ്പി. കേസിൽ കുറ്റപത്രമാകുന്നത് വരെ തുടരാൻ ഫോണിൽ നിർദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം മേൽ ഉദ്യോഗസ്ഥരെയും അറിയിച്ചുവെന്നും കണ്ണൂർ എസ്പി വ്യക്തമാക്കി. അന്വേഷണ സംഘത്തെ മാറ്റിയെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എസിപിയുടെ പ്രതികരണം. എസ് പിയുമായി സംസാരിച്ച് ഉദ്യോഗസ്ഥരെ തുടരാൻ അനുവദിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചിരുന്നു.

കേസന്വേഷിക്കുന്ന തലശ്ശേരി സിഐ വി കെ വിശ്വംഭരനും എസ്ഐ ഹരീഷും ചുമതലയിൽ നിന്ന് ഇന്ന് ഒഴിയുമെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരുന്നത്. വധശ്രമത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാനുള്ള നീക്കം. വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും മാറ്റാനാണ് ഒരുങ്ങിയത്.

ഈ കേസിലെ നിർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാൻ തീരുമാനം വന്നത്. മുഖ്യ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന പൊട്ടിയം സന്തോഷിനെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസം പിന്നിടുകയാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സിപിഎം തലശ്ശേരി മുൻ ഏരിയാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇയാളിൽ നിന്ന് പൊലീസിന് കിട്ടിയത്. 

ഇതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥരും സ്ഥലം മാറ്റത്തെത്തുടർന്ന് ചുമതല ഒഴിയാനൊരുങ്ങിയത്. നേരത്തേ പുറത്തിറങ്ങിയ ഇവരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഒരു നടപടിയുമുണ്ടായില്ലെന്ന് വേണം മനസ്സിലാക്കാൻ. ഏഴ് ദിവസത്തേക്കാണ് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ചുമതല ഒഴിഞ്ഞാൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനാകില്ല. മാറുകയാണെന്ന് അറിയിച്ച് ഇരു ഉദ്യോഗസ്ഥർക്കും ഇയാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി തിരികെ ഏൽപിക്കേണ്ടി വരുമായിരുന്നു. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലം മാറി തലശ്ശേരിയിൽ എത്തിയതെങ്കിലും വാര്‍ത്ത പ്രധാന്യം നേടിയ കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിർപ്പുമുയർത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.