Asianet News MalayalamAsianet News Malayalam

സിലബസ് വിവാദം: സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമമെന്ന് വി എം സുധീരന്‍

'എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെ' എന്ന ചിന്താഗതിയുമായി ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളവർ ഭാവിയിൽ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ചിന്താഗതികളും പഠിപ്പിക്കാൻ തയ്യാറാകുമെന്നതിൽ സംശയമില്ല. 

kannur university controversy  vm sudheeran response
Author
Thiruvananthapuram, First Published Sep 10, 2021, 11:20 PM IST

തിരുവനന്തപുരം: കണ്ണൂർ സര്‍വകലാശാലയുടെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിന്‍റെയും സവർക്കറുടെയും ലേഖനങ്ങള്‍ ഉൾപ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാജ്യത്തെ ജനങ്ങളുടെ ഐക്യം തകർക്കുകയും വർഗീയ ചേരിതിരിവിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം തീവ്രഹിന്ദുത്വ പഠന സിലബസ്, അക്കാദമിക്ക്‌ പ്രവർത്തനങ്ങളുടെ ഭാഗമായി കാണാനാകില്ല.

മറിച്ച് സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമം തന്നെയാണ്. 'എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെ' എന്ന ചിന്താഗതിയുമായി ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളവർ ഭാവിയിൽ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ചിന്താഗതികളും പഠിപ്പിക്കാൻ തയ്യാറാകുമെന്നതിൽ സംശയമില്ല. മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും തമസ്കരിക്കാനും മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെ വികലമായി ചിത്രീകരിക്കാനും ഗോഡ്സെയെ മഹത്വവൽക്കരിക്കാനും ശ്രമിക്കുന്ന വർഗ്ഗീയ വിഘടന ശക്തികൾക്ക് കരുത്തു പകരാനും മാത്രമേ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇത്തരം നടപടികൾ വഴിയൊരുക്കുകയുള്ളു.

ഒറ്റ നോട്ടത്തിൽ തന്നെ തികഞ്ഞ അക്കാദമിക് അനൗചിത്യവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തലതിരിഞ്ഞ ഈ നടപടി ഉടനടി പിൻവലിക്കുകയാണ് വേണ്ടത്. ഇതിനെല്ലാം ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കുകയും വേണമെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎം നേതൃത്വത്തിന്‍റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, എംഎ പൊളിറ്റിക്സ് ആന്റ് ഗവേണൻസ് കോഴ്സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണമെന്ന വാദത്തെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ തള്ളി. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ സിലബസ് പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios