മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട 14 പ്രതികൾ ചേർന്ന് അനന്തുവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചു കൊല്ലുകയായിരുന്നു. ഒളിവിലായിരുന്ന സുമേഷടക്കം കേസിലെ എല്ലാ പ്രതികളും മാര്‍ച്ചില്‍ തന്നെ അറസ്റ്റിലായിരുന്നു

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസിൽ പൊലീസ് കുറ്റംപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് 72 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിയ്ക്കുന്നത്. മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട 14 പ്രതികൾ ചേർന്ന് അനന്തുവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ചു കൊല്ലുകയായിരുന്നു. ഒളിവിലായിരുന്ന സുമേഷടക്കം കേസിലെ എല്ലാ പ്രതികളും മാര്‍ച്ചില്‍ തന്നെ അറസ്റ്റിലായിരുന്നു.

 അന്വേഷണത്തിൽ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്തു ഗിരീഷിന്‍റെ അമ്മ ഡിജിപിക്ക് പരാതി നൽകിയിരുന്നു. റിമാഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കരമന അരശുമൂട് നിന്ന് പട്ടാപ്പകലാണ് പ്രതികള്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയത്. ബൈക്കിൽ ഒരു കടയിലേക്ക് ജ്യൂസ് കഴിക്കാനായി എത്തിയ അനന്തുവിനെ മർദ്ദിച്ച ശേഷം പ്രതികളായ ബാലുവും ഹരിയും ബൈക്കിന്‍റെ നടുവിൽ ഇരുത്തിക്കൊണ്ടുപോവുകയായിരുന്നു. 

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗത്തിൽപ്പെട്ട യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. പ്രതികളായ അരുണ്‍ ബാബു, വിജയരാജ് എന്നിവരെ കൊല്ലപ്പെട്ട അനന്തു ഗിരീഷും സംഘവും ചേർന്നാണ് മർദ്ദിച്ചത്. ഇതിന് പ്രതികാരം തീർക്കാൻ പ്രതികള്‍ തീരുമാനിച്ചു, ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്തു ഗിരീഷിനെ പ്രതികള്‍ തളിയിൽവച്ച് തട്ടികൊണ്ടുപോയി നേമത്തുള്ള കുറ്റിക്കാട്ടിൽ വെച്ച് ക്രൂരമായി മ‍ർദ്ദിച്ചു കൊലപ്പെടുത്തി. 

കൊലക്കുമുമ്പ് കുറ്റക്കാട്ടിൽ വച്ച് പ്രതികള്‍ മദ്യപിച്ചു. കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാനും ശ്രമിച്ചു. വിഷ്ണുരാജ്, ഹരിലാൽ, വിനീത് കൃഷ്ണ, അനീഷ്, അഖിൽ, വിജയരാജ്, ശരത് കുമാർ, മുഹമ്മദ് റോഷൻ, സുമേഷ്, അരുണ്‍ ബാബു, അഭിലാഷ്, റാം കാർത്തിക, വിപിൻ രാജ് എന്നിവരാണ് പ്രതികള്‍. മുഹമ്മദ് റോഷൻ മാത്രമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

 പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വിഷ്ണുരാജ്, വിജയരാജ് എന്നിവർക്കെതിരെ പോക്സോ പ്കാരം മറ്റൊരു കേസും എടുത്തിട്ടുണ്ട്. കൊലപാതകം നടന്ന് 72 മത്തെ ദിവസമാണ് ഫോർട്ട് അസി. കമ്മീഷണർ പ്രതാപൻ നായർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, തെളിവുനശിപ്പിൽ, എസ്-സി,എസ്-ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍, ഗൂഡാലോന എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 128 സാക്ഷികളും 81 തൊണ്ടിമുതലുകളും, 114 രേഖകളും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.