തിരുവനന്തപുരം കരമനയിലെ കൂടം കുടുംബത്തിൽ നടന്ന ഏഴ് ദുരൂഹ മരണങ്ങളുടെ ചുരുളഴിയുന്നു. 2017ൽ ജയമാധവൻ നായരെ സ്വത്ത് തട്ടിയെടുക്കാൻ കൊലപ്പെടുത്തിയ കേസിൽ കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ ഒടുവിൽ നിർണായക വഴിതിരിവ്. വർഷങ്ങൾ നീണ്ട നിഗൂഢതകൾക്കൊടുവിൽ 2017 ൽ ജയമാധവൻ നായർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടം കുടുംബത്തിൽ വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ ഏഴ് പേർ കൊല്ലപ്പെട്ട സംഭവങ്ങൾ വലിയ ചർച്ചയായിരുന്നു. മുഖ്യപ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻ നായർക്കൊപ്പം അനില്‍, സാജു എന്നിവരും കൊലപാതകത്തിൽ പങ്കാളികളാണെന്ന് പോലീസ് വ്യക്തമാക്കി. 2017ലെ ജയമാധവൻ നായരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളും ബ്രെയിൻ മാപ്പിംഗ് പരിശോധനയുമാണ് കേസിൽ നിർണായക വഴിതിരിവായത്. സ്വത്ത് മുഴുവൻ കൈവശപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജയമാധവനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. തല ചുമരിൽ ഇടിച്ചും കടിച്ചും പരിക്കേൽപ്പിച്ച ശേഷം, ഗുരുതരമായ അവസ്ഥയിലായ ഇയാളെ അടുത്ത ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ജയമാധവൻ നായർ മരണപ്പെട്ടിരുന്നു. കൂടം കുടുംബത്തിലെ ദുരൂഹ മരണങ്ങൾ ചുരുളഴിക്കുന്നതിനുള്ള അന്വേഷണം ഊർജിതമായത് ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെയാണ്.
എല്ലാം സ്വത്ത് തട്ടിയെടുക്കാൻ
സ്വത്ത് തട്ടിയെടുക്കുന്നതിനായി കൂടം കുടുംബത്തിലെ ഓരോ അംഗങ്ങളെയും വളരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വർഷങ്ങളായി നീണ്ടുനിന്ന ദുരൂഹതകൾക്ക് ശാസ്ത്രീയ തെളിവുകളുടെയും ബ്രെയിൻ മാപ്പിംഗ് ഫലങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ ഔദ്യോഗികമായി അവസാനമാകുകയാണ്. പിടിയിലായ രവീന്ദ്രനെതിരെ ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം.
