പദ്ധതി ഫണ്ടും ബജറ്റ് ഫണ്ടും ഉൾപ്പടെ കരിന്തളത്ത് ഗവൺമെന്റ് കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 24 കോടി രൂപ അനുവദിച്ചിരുന്നു

നീലേശ്വരം: ഫണ്ട് അനുവദിച്ചിട്ടും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാതെ കാസര്‍കോട് കരിന്തളത്തെ ഗവൺമെമന്റ് കോളേജ്. പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിലാണ് അഞ്ചര വർഷമായി കോളേജ് പ്രവര്‍ത്തിക്കുന്നത്. കിടപ്പ് രോഗികളേയും അത്യാസന്ന നിലയിലുള്ള അര്‍ബുദ രോഗികളേയുമൊക്കെ കിടത്തി ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് കരിന്തളത്ത് നിര്‍മ്മിച്ച കെട്ടിടമാണ് ഗവൺമെന്റ് ആര്‍ട്സ് ആന്റ് സയൻസ് കോളേജായി പ്രവര്‍ത്തിക്കുന്നത്.

പദ്ധതി ഫണ്ടും ബജറ്റ് ഫണ്ടും ഉൾപ്പടെ കരിന്തളത്ത് ഗവൺമെന്റ് കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ 24 കോടി രൂപ അനുവദിച്ചിരുന്നു. കോളേജിനായി സ്ഥലവുമുണ്ട്. ഇതിപ്പോൾ കാടുമൂടി കിടക്കുകയാണ്. ഇവിടെ ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജ് , കരിന്തളം എന്ന് ബോർഡ് സ്ഥാപിച്ച്, ചുറ്റുമതിൽ കെട്ടി വെള്ള പൂശി ഭംഗിയാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണം എന്ന് ആരംഭിക്കുമെന്നതിന് അധികൃതർക്ക് വ്യക്തമായ ഉത്തരവുമില്ല.

കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ സര്‍ക്കാര്‍ അനുവദിച്ച കോളേജിന് തുടക്കത്തിൽ കെട്ടിടം ഉണ്ടായിരുന്നില്ല. കോളേജ് തന്നെ നഷ്ടപ്പെടുമെന്ന് വന്നപ്പോഴാണ് കരിന്തളം പാലിയേറ്റീവ് സൊസൈറ്റി കെട്ടിടം വിട്ട് നല്‍കിയത്. അഞ്ചര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം തിരിച്ച് കിട്ടാതെ വന്നതോടെ വെട്ടിലായിരിക്കുന്നത് പാലിയേറ്റീവ് സൊസൈറ്റിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്