Asianet News MalayalamAsianet News Malayalam

കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസ്; അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ

റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. ഇവരും സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

karipur gold robbery planning case five koduvalli residents arrested
Author
Calicut, First Published Jul 2, 2021, 7:38 PM IST

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി. റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്. ഇവരും സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ് , മുഹമ്മദ് ബഷീർ , മുഹമ്മദ് ഹാഫിസ് , മുഹമ്മദ് ഫാസിൽ , ഷംസുദ്ദീൻ എന്നിവർ ആണ് ഇന്ന് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

അതിനിടെ, സ്വര്‍ണക്കടത്തിനെത്തിയ കൊടുവള്ളി സംഘം രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂരിൽ നിന്ന് യാത്രക്കാരനെയും  തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. മുഖ്യ ആസൂത്രകന്‍ സൂഫിയാന്‍റെ സഹോദരന്‍ ഫിജാസും ഷിഹാബും അടങ്ങിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ സ്വര്‍ണം തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയിത്തുടങ്ങിയതോടെയായിരുന്നു കൊടുവളളി സംഘം വന്‍ സന്നാഹങ്ങളോടെ കരിപ്പൂരിലെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിച്ച സൂഫിയാന്‍റെ സഹോദരന്‍ ഫിജാസും ഷിഹാബും മറ്റ് നാല് പേരും ചേര്‍ന്ന് അന്ന് രാത്രി ഒരാളെ തട്ടിക്കൊണ്ടുപോയി. പാലക്കാട് സ്വദേശിയായ ഇയാള്‍ നേരത്തെ ഇവരുടെ സ്വര്‍ണക്കടത്തില്‍ പങ്കാളിയായിരുന്നു എന്നാണ് പൊലീസിന് കിട്ടിയ സൂചന. കൊടുവളളി സംഘത്തിന് എത്തിക്കേണ്ട സ്വര്‍ണം ഈ പാലക്കാട് സ്വദേശിയില്‍ നിന്നും നഷ്ടപ്പെട്ടതിനാലാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഈ യാത്രക്കാരനെ മര്‍ദിച്ച് മൊബൈല്‍ ഫോണും ലഗേജും തട്ടിയെടുത്ത ശേഷം തിരിച്ചയക്കുകയായിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ഉള്‍പ്പെട്ട ഫിജാസും ഷിഹാബും ഇപ്പോള്‍ രാമനാട്ടുകാര കേസിനെത്തുടര്‍ന്ന് ജയിലിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios