കോഴിക്കോട്: 158 പേരുടെ മരണത്തിനിടയാക്കിയ മംഗളുരു വിമാനാപകടത്തിന് പിന്നാലെയാണ് ടേബിള്‍ ടോപ്പ് റണ്‍വെയായ
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായുള്ള ആവശ്യം ശക്തമായത്. സ്ഥലം ഏറ്റെടുക്കുന്നതിലുള്ള ഭൂവുടമകളുടെ എതിര്‍പ്പും വലിയ സാമ്പത്തിക ചിലവും വിലങ്ങുതടിയായതോടെ പതിയെ ഈ ആവശ്യം നിലച്ചു. എന്നാല്‍ ഇന്നലെ രാത്രിയോടെ രാജ്യം നടുങ്ങുന്ന അപകടം കരിപ്പൂരിലുണ്ടാകുകയും ഇതുവരെ 19 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തതോടെ റണ്‍വേയുടെ വികസനം വീണ്ടും ചര്‍ച്ചയാകുകയാണ്. 

കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ ലാന്റിംഗിന് അനുമതി നല്‍കുന്നതില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ റെണ്‍വെ 10 സുരക്ഷിതമല്ലെന്ന് ഒമ്പത് വര്‍ഷം മുമ്പ് വ്യോമയാന മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ റഗുലേറ്ററിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍ ഈ മുന്നറിയിപ്പിലെ ഓരോ വാക്കും യാഥാര്‍ത്ഥ്യമാവുകയായിരുന്നു. 

വിമാനത്തിലുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ റണ്‍വെ 10 ല്‍ അപകടമുണ്ടെന്ന് വ്യോമയാന സുരക്ഷാ വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ജൂണ്‍ 2011 ന് ഡിറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)യായ ഭരത് ഭൂഷന്‍, സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ആയ നസീം സെയ്ദി എന്നിവര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. 158 പേരുടെ മരണത്തിനിടയാക്കിയ 2010ലെ മംഗളുരു വിമാനാപകടത്തിന് ശേഷമാണ് ഇങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചത്.

എന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. ഇത് ഒരു ടേബിള്‍ ടോപ്പ് റണ്‍വെയാണ്. ഈ റണ്‍വെയുടെ രണ്ടുവശങ്ങളിലും 75 മീറ്റര്‍  മാത്രമാണ് ഉള്ളത്. എന്നാല്‍ റണ്‍വെയുടെ ഇരുവശങ്ങളിലും 100 മീറ്റര്‍ സ്ഥലം വേണമെന്നത് നിര്‍ബന്ധമാണെന്നും ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

നിരവധി വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കരിപ്പൂരില്‍ താരതമ്യേന ചെറിയ റണ്‍വേയാണ് ഉള്ളത്. 2860 മീറ്റര്‍ നീളത്തിലുള്ള ഈ റണ്‍വേ നീളം കൂട്ടി വികസിപ്പിക്കണമെന്നതായിരുന്നു പദ്ധതി. ആയിരം മീറ്റര്‍ നീളം കൂട്ടിയുള്ള റണ്‍വേ വികസനത്തിന് 256 ഏക്കര്‍ സ്ഥലം ആവശ്യമായി വേണ്ടി വരുമെന്നായിരുന്നു കണക്ക്. സമീപത്തുനിന്ന് ഈ സ്ഥലം ഏറ്റെടുത്തുള്ള വികസന പദ്ധതി ആലോചിച്ചതിനു പിന്നാലെ തന്നെ ഭൂവുടമകള്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. 

3000 കോടി രൂപ ചിലവിട്ടുള്ള വികസന പദ്ധതി ലാഭകരമാവില്ലെന്ന നിലപാടിലേക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയും മാറി. ഇതോടെ റണ്‍വേ വികസനമെന്ന വലിയ പദ്ധതി റണ്‍വേ നവീകരണമെന്ന പദ്ധതിയിലേക്ക് വഴിമാറി. ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷിതത്വം കൂട്ടാന്‍ ആവശ്യമായ കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ച് നടപ്പാക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.