Asianet News MalayalamAsianet News Malayalam

കരിപ്പൂർ വിമാനദുരന്തം; തെളിവുകൾ നഷ്ടപ്പെട്ടിട്ടില്ല, ആരോപണങ്ങൾ നിഷേധിച്ച് സിഐഎസ്എഫ്

കോക്പിറ്റിൽ നിന്ന് പൈലറ്റുമാരുടെ പാസ്പോർട്ടാണ് എടുത്തുമാറ്റിയത്.   എയർ ഇന്ത്യ എക്സ്പ്രസ് ആവശ്യപ്പെട്ട പ്രകാരമാണ് ഇത് ചെയ്തത്.  ഈ ദൃശ്യങ്ങളാണ് ഒരു വിഭാഗം ദുർവ്യാഖ്യാനം ചെയ്തതെന്നും സിഐഎസ്എഫ് .

karipur plane crash cisf response to allegations
Author
Calicut, First Published Aug 22, 2020, 12:27 PM IST

കോഴിക്കോട്: കരിപ്പൂരില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോക്പിറ്റില്‍ നിന്ന് നിര്‍ണായക രേഖകള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നശിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് സിഐഎസ്എഫ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ അഭ്യര്‍ത്ഥന പ്രകാരം പൈലറ്റുമാരുടെ പാസ്പോര്‍ട്ട് കോക്പിറ്റില്‍ നിന്ന് നീക്കിയ ദൃശ്യങ്ങളാണ് ഒരു വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്തത്. ആരോപണം തെറ്റെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു.

ഏവിയേഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന അജിത് സിംഗ് എന്ന വ്യക്തി വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തില്‍ നിന്നാണ് വിവാദത്തിന്‍റെ തുടക്കം. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കോക്പിറ്റില്‍ കയറിയ ചിലര്‍ വിലപ്പെട്ട രേഖകള്‍ നശിപ്പിച്ചെന്നായിരുന്നു പരാതി. വാര്‍ത്താചാനലുകളില്‍ നല്‍കിയ ഈ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു അജിത് സിംഗിന്‍റെ ആരോപണം . വ്യോമയാന മന്ത്രാലയം ഈ ആരോപണം നിഷേധിച്ചതിനു പിന്നാലെയാണ് വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുളള സിഐഎസ്എഫും നിലപാട് വ്യക്തമാക്കിയത്.

അപകടം നടന്നയുടന്‍ ബാരക്കുകളിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു. ഇവരില്‍ പലരും യൂണിഫോമില്‍ ആയിരുന്നുമില്ല. കോക്പിറ്റിലെ ദൃശ്യങ്ങളില്‍ കാണുന്നത് ഇവരെയാണ്. ഒട്ടേറെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തെങ്കിലും നടപടികളെല്ലാം സിഐഎസ്എഫ് നിരീക്ഷണത്തിലായിരുന്നു. കോക്പിറ്റിൽ നിന്ന് പൈലറ്റുമാരുടെ പാസ്പോർട്ടാണ് എടുത്തുമാറ്റിയത്.   എയർ ഇന്ത്യ എക്സ്പ്രസ് ആവശ്യപ്പെട്ട പ്രകാരമാണ് ഇത് ചെയ്തത്.  ഈ ദൃശ്യങ്ങളാണ് ഒരു വിഭാഗം ദുർവ്യാഖ്യാനം ചെയ്തതെന്നും സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് എ വി കിഷോർ കുമാർ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആരോപണം അടിസ്ഥാനരഹിതമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കി. സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും അപകട സ്ഥലത്ത് ചിതറിക്കിടന്നിട്ടും ഒന്നുപോലും നഷ്ടപ്പെട്ടിട്ടില്ലെന്നും ഭൂരിഭാഗം യാത്രക്കാര്‍ക്കും ബാഗേജുകള്‍ തിരികെ നല്‍കിയെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്അറിയിച്ചു.

Read Also: കായംകുളം സിയാദ് വധം: ഗുണ്ടകളെ വളർത്തുന്നത് സിപിഎം,കോൺഗ്രസ്‌ ബന്ധം ആരോപിക്കുന്നത് നിലനിൽപ്പിനെന്നും എം ലിജു

Follow Us:
Download App:
  • android
  • ios