ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നൽകിയിരിക്കുന്നത്. 

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗ് പരാതി സ്ഥിരീകരിച്ച് കോളേജ് ആന്‍റി റാഗിംഗ് കമ്മിറ്റി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി. പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലുമാണ് പരാതി നൽകിയിരുന്നത്.

തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ 11 ന് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. അന്ന് മര്‍ദനമേറ്റ ബിന്‍സ് ജോസിന്‍റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. അന്ന് ഇരുകൂട്ടരുടെയും പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.

അന്ന് അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ പിടിച്ചുകൊണ്ടുപോയി റൂമില്‍ കെട്ടിയിട്ട് മര്‍‌ദിച്ചതായിട്ടാണ് പരാതി. തുടര്‍ന്നാണ് ബിന്‍സ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴക്കൂട്ടം പൊലീസിനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം കാര്യവട്ടം ഗവ.കോളേജിൽ റാഗിംങ്ങ്