കൊച്ചി: ദുരിതാശ്വാസ നിധിയിലേക്ക് പണം അടച്ചെങ്കിലും കരുണ സംഗീതനിശ സംബന്ധിച്ച വിവാദം അവസാനിക്കുന്നില്ല. സംഗീത മേള സംബന്ധിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പുറത്ത് വിട്ട കണക്കുകല്‍ വിശ്വസനീയമല്ലെന്നും പരിപാടിയുടെ മുഖ്യ പ്രചാരകരിലൊരാളായ നടൻ മമ്മൂട്ടി  ക്രമക്കേടിൽ മറുപടി നൽകണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. 

സംഗീത മേള നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ ഇന്നലെ നല്കിയതായി ഫൗണ്ടേഷന്‍ ഫേസ് ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ വിശദമായ കണക്കുകള്‍ പുറത്ത് വിട്ട് വിശ്വാസ്യത തെളിയിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. മേളയുടെ ആദ്യ ടിക്കറ്റ് വാങ്ങിയത് മമ്മൂട്ടി ആയിരുന്നു.മമ്മൂട്ടി പ്രചാരണത്തിന് ഇറങ്ങിയതോടെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ ടിക്കറ്റ് വാങ്ങി പരിപാടി കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു വിശദീകരണം നല്കാന്‍ മമ്മൂട്ടി ബാധ്യസ്ഥനാണെന്ന് സന്ദീപ് വാര്യര്‍ പറയുന്നു

പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില‍് നടന്ന ഷോ പ്രതീക്ഷിച്ചതിലും വലിയ വിജയം ആണെന്നായിരുന്നു നവംബര്‍ നാലിന് ഫൗണ്ടേഷന്‍ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്. 500 മുതല്‍ 2000 രൂപ വരെയായിരുന്നു ടിക്കറ്റ്  നിരക്ക്. അങ്ങിനെയെങ്കില്‍  ടിക്കറ്റ് വില്‍പ്പനയിലൂടെ ആറര ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ എന്ന വാദം വിശ്വസിക്കാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. മേളയുടെ മുഖ്യസംഘാടകരായ  ആഷിക് അബു, റിമ  കല്ലിങ്കല്‍ ഉള്‍പ്പടെയുള്ളവര്‍ ഇത് വരെ വിവാദങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Read Also: 'കരുണ സംഗീതനിശ' വിവാദം: പണം ഉടന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികള്‍