Asianet News MalayalamAsianet News Malayalam

കാരുണ്യ ബെനലവന്‍റ് ഫണ്ട് അവസാനിപ്പിക്കുന്നു; ഇനി ചികിത്സ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ മാത്രം

ആശുപത്രികള്‍ക്ക് കിട്ടാനുള്ള പണത്തെ സംബന്ധിച്ച് അടുത്തമാസം 10നകം ആശുപത്രികള്‍ ലോട്ടറി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് വരെയുള്ള പണം ലോട്ടറി വകുപ്പാകും നല്‍കുക.

karunya benevolent fund will close on September 30 migration to KASP
Author
Kollam, First Published Aug 14, 2020, 12:38 PM IST

കൊല്ലം: കാരുണ്യ ബെനവലന്‍റ് ഫണ്ട് വഴിയുള്ള സൗജന്യ ചികില്‍സ അടുത്ത മാസം 30 ന് പൂര്‍ണമായി അവസാനിക്കും. അതിനുശേഷം സൗജന്യ ചികില്‍സ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ ആരോഗ്യ ഏജൻസി വഴി മാത്രമാകും. അതേസമയം നല്‍കിയ സൗജന്യ ചികില്‍സയുടെ കുടിശിക 100 കോടി കവിഞ്ഞതോടെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ വീണ്ടും എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തി . 

ചിസ് പ്ലസും കാരുണ്യ ബെനവലന്‍റ് ഫണ്ടും സംയോജിപ്പിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ഹീമോ ഫീലിയ രോഗികള്‍ക്കും ഡയാലിസിസ് രോഗികൾക്കുമടക്കം പുതിയ പദ്ധതിയില്‍ സൗജന്യ ചികില്‍സ കിട്ടില്ലെന്ന സാഹചര്യം വന്നപ്പോൾ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി നീട്ടി. അതിനുശേഷം ഈ രോഗങ്ങള്‍ക്കുള്ള ചികില്‍സ കൂടി പുതിയ പദ്ധതിയായ കാസ്പിൽ ഉൾപ്പെടുത്തി.

ഇതിനുശേഷമാണ് സെപ്റ്റംബറോടെ കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതി പൂര്‍ണമായും അവസാനിപ്പിക്കുന്നത്. ആശുപത്രികള്‍ക്ക് കിട്ടാനുള്ള പണത്തെ സംബന്ധിച്ച് അടുത്തമാസം 10നകം ആശുപത്രികള്‍ ലോട്ടറി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് വരെയുള്ള പണം ലോട്ടറി വകുപ്പാകും നല്‍കുക. അതേസമയം പഴയ പദ്ധതികളിലെ കുടിശിക പൂര്‍ണമായും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്‍പ്പെടെ നല്‍കിയിട്ടില്ല. 

പദ്ധതിയില്‍ സഹകരിക്കില്ലെന്നറിയിച്ച സ്വകാര്യ ആശുപത്രികൾക്ക് ആദ്യ ഘട്ടത്തില്‍ കുറച്ച് പണം നല്‍കിയെങ്കിലും 100 കോടിയിലേറെ രൂപ ഇനിയും നല്‍കാനുണ്ട്. പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കണോ എന്ന് തീരുമാനിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്മന്‍റ് അസോസിയേഷൻ ഉടൻ യോഗം ചേരും

പുതിയ പദ്ധതിയില്‍‍ ശ്രീചിത്ര പോലെ വിദഗ്ധ ചികില്‍സ ലഭിക്കുന്ന പല ആശുപത്രികളും അംഗങ്ങളായിട്ടില്ലാത്തതിനാല്‍ പലര്‍ക്കും ചികില്‍സ മുടങ്ങുമോയെന്ന ആശങ്കയുമുണ്ട് .

 

Follow Us:
Download App:
  • android
  • ios