തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജേഷ്, ജിജോർ അടക്കം നാല് പേരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്.
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ചോദ്യം ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിഡ്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ അരവിന്ദാക്ഷൻ, റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജേഷ്, ജിജോർ അടക്കം നാല് പേരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്.
കേസിൽ ഇഡി കസ്റ്റഡിയിലുള്ള പ്രതി സതീഷ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രദേശിക നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സിപിഎം നേതാക്കളുമായും കേസിൽ അറസ്റ്റിൽ ഉള്ളവരുമായും അടുത്ത ബന്ധം ഉള്ളവരാണ് ഇന്ന് ഹാജരായവർ. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ തട്ടിയെടുത്ത കോടികൾ ഏതൊക്കെ സ്ഥലങ്ങളിൽ നിക്ഷേപിച്ചു എന്നതിലാണ് അന്വേഷണം. കേസിൽ സിപിഎം നേതാവ് എ സി മൊയ്തീനിനെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള സതീഷ് കുമാർ, പി പി കിരൺ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ കഴിയും.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കഴിഞ്ഞ ദിവസമാണ് രണ്ട് പേർ അറസ്റ്റിലായത്. മുഖ്യ ആസൂത്രകൻ ഒന്നാംപ്രതി സതീഷ് കുമാറാണ്. രണ്ടാം പ്രതി പി പി കിരണിനും സതീഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഉന്നത വ്യക്തി ബന്ധങ്ങളുമായുള്ള സതീഷ്കുമാറിന്‍റെ ഇടപെടലിലാണ് കിരണിന് ബാങ്കിൽ നിന്ന് വായ്പ കിട്ടിയതെന്ന് ഇഡി ആരോപിക്കുന്നു. 51 ബെനാമി ഇടപാടുകളിലൂടെയാണ് 24.57 കോടി രൂപ പി.പി. കിരൺ വായ്പയായി തട്ടിയെടുത്തത്. ഇതിൽ നിന്ന് 14 കോടി രൂപ അക്കൗണ്ട് വഴിയും നേരിട്ടും സതീഷിന് കൈമാറി.
