അക്കൗണ്ടിലെ പണത്തിന്‍റെ ഉറവിടത്തേക്കുറിച്ചുള്ള പ്രതികളുടെ മറുപടി വിശ്വസനീയം അല്ല. കുറ്റകൃത്യങ്ങളുടെ ഗൗരവവും പ്രതികളുടെ രാഷ്ട്രീയ ബന്ധവും കണക്കിൽ എടുക്കുമ്പോൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ റിമാൻഡിലുള്ള സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷനും ബാങ്കിലെ മുൻ സീനിയര്‍ അക്കൗണ്ടന്‍റായ സി കെ ജിൽസിനുമെതിരെ തെളിവുണ്ടെന്ന് കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് വിചാരണകോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷ ഇന്ന് രാവിലെ തള്ളിയിരുന്നെങ്കിലും ഉത്തരവിലെ വിവരങ്ങള്‍ വൈകിട്ടോടെയാണ് പുറത്തുവന്നത്. എറണാകുളം പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

വന്‍തോതിലുള്ള പണമിടപാടുകള്‍ നടന്നതായി കാണുന്നുവെന്നും സാക്ഷി മൊഴിയില്‍ പ്രതികളുടെ പങ്ക് വ്യക്തമാകുന്നുണ്ടെന്നും ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ടിലെ പണത്തിന്‍റെ ഉറവിടത്തേക്കുറിച്ചുള്ള പ്രതികളുടെ മറുപടി വിശ്വസനീയം അല്ല. കുറ്റകൃത്യങ്ങളുടെ ഗൗരവവും പ്രതികളുടെ രാഷ്ട്രീയ ബന്ധവും കണക്കിൽ എടുക്കുമ്പോൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. ചില പ്രധാന സാക്ഷികൾ പ്രതികളുടെ അതേ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരാണ്. കേസിന്‍റെ അന്വേഷണം അതിന്‍റെ പ്രാഥമിക ഘട്ടത്തിലായതിനാൽ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.

കേസിൽ മൂന്നാം പ്രതിയായ പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്ളുടെ രേഖകളും ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. എന്നാൽ കള്ളപ്പണം വെളുപ്പിച്ചെന്ന വാദം തെറ്റാണെന്നും തന്‍റെ അക്കൗണ്ടിലൂടെ നടത്തിയ സാമ്പത്തിക ഇടപാട് ക്വാറി, ഹോട്ടൽ ബിസിനസ് നടന്ന കാലത്തേതാണെന്നുമാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. സതീഷ് കുമാറിന്‍റെ മുൻ ഡ്രൈവറായിരുന്ന അടുപ്പം ഉണ്ടായിരുന്നതായും അരവിന്ദാക്ഷൻ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് ഇഡി അരവിന്ദാക്ഷനെ തൃശ്ശൂരിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. 
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ തള്ളി

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews