Asianet News MalayalamAsianet News Malayalam

കരുവന്നൂര്‍ കേസ്; കുറ്റപത്രം കോപ്പി എടുക്കാൻ 12 ലക്ഷം രൂപ വേണം, ഡിജിറ്റൽ പകർപ്പ് നൽകാൻ അനുമതി തേടി ഇഡി

ഇരുപത്തി ആറായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിന്‍റെ പേപ്പർ പകർപ്പുകൾ ഓരോ പ്രതികൾക്കും നൽകുകയെന്നത് അസാധ്യമാണ്. 12 ലക്ഷം  രൂപ കോപ്പി എടുക്കാൻ വേണ്ടിവരും. ഈ സാഹചര്യത്തിൽ പെൻഡ്രൈവിൽ ഡിജിറ്റൽ കോപ്പി നൽകാമെന്നാണ്  ഇഡി കോടതിയെ അറിയിച്ചത്.  

Karuvannur Bank Fraud ed seek permission to provide digital copy of charge sheet to accused nbu
Author
First Published Nov 10, 2023, 1:18 PM IST

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് കുറ്റപത്രം ഡിജിറ്റൽ കോപ്പിയായി നൽകാൻ അനുമതി തേടി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പ്രത്യേക കോടതി വിധി പറയാൻ മാറ്റി. ഇരുപത്തി ആറായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിന്‍റെ പേപ്പർ പകർപ്പുകൾ ഓരോ പ്രതികൾക്കും നൽകുകയെന്നത് അസാധ്യമാണ്. 12 ലക്ഷം  രൂപ കോപ്പി എടുക്കാൻ വേണ്ടിവരുമെന്നും ഈ സാഹചര്യത്തിൽ പെൻഡ്രൈവിൽ ഡിജിറ്റൽ കോപ്പി നൽകാമെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. 55 പെൻഡ്രൈവിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇരുപത്തി ആറായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. 

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നുമാണ് ഇ ഡി കണ്ടെത്തല്‍.

Follow Us:
Download App:
  • android
  • ios