മാനേജർ  ബിജു കരീം, സെക്രട്ടറി  ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ മൂന്നു പേരും സി പി എം അംഗങ്ങൾ. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി.കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ബിജു കരീം സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്. ടി.ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അം​ഗമാണ്. 

കരുവന്നൂർ സഹകരണ ബാങ്കിൽ വൻ വായ്പാ തട്ടിപ്പാണ് നടന്നത്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിൻ്റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് 13 അം​ഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്.

2019-ൽ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. വായ്‌പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്‌പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.

ബാങ്കിൽ വൻകിട ലോണുകൾ നൽകിയിരുന്നത് കമ്മീഷൻ വ്യവസ്ഥയിലെന്ന ആരോപണവുമായി ബിജെപി രം​ഗത്തെത്തിയിട്ടുണ്ട്. ഓരോ ലോണിനും പത്ത് ശതമാനം കമ്മീഷൻ ഈടാക്കിയെന്നും മുൻ ബ്രാഞ്ച് മാനേജർ ബിജു വഴി തേക്കടിയിൽ റിസോർട്ട് നിർമ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബിജെപി ആരോപിക്കുന്നു. 

Read Also: കരുവന്നൂരിൽ വൻതട്ടിപ്പ്: ലോണുകൾക്ക് 10 ശതമാനം കമ്മീഷൻ വാങ്ങി ബ്രാഞ്ച് മാനേജർ ആഡംബര റിസോർട്ടിൻ്റെ പണി തുടങ്ങി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona