നഗരമധ്യത്തിലെ പച്ചക്കറിക്കടയിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷഫീക്കാണ് പിടിയിലായത്

മാവേലിക്കര: നഗരമധ്യത്തിലെ പച്ചക്കറിക്കടയിൽ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷഫീക്കാണ് പിടിയിലായത്. മാവേലിക്കര പോലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31-ന് അർധരാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപയോളമാണ് ഇയാൾ കവർന്നത്. മോഷണത്തിന് ശേഷം കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്കും കടന്ന പ്രതി ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചു. മാർത്താണ്ഡത്ത് എത്തിയ ശേഷം തൃപ്പരപ്പിൽനിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച കാര്യവും പ്രതി വെളിപ്പെടുത്തി. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലൂടെയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-1ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.