തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്‍റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് സർക്കാർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏറ്റെടുത്ത് പ്രഥമഘട്ട ചികിത്സാകേന്ദ്രമാക്കുന്ന ജോലികൾ തുടങ്ങി.

നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും നിറ‍ഞ്ഞു. വർക്കല എസ്ആർ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതൽ രോഗികൾ എത്തുകയാണ്. രോഗപ്പകർച്ച കൂടുതലുളള വാർഡുകളിൽ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായത്.

ജില്ലയിൽ ദിവസവും നൂറും ഇരുന്നൂറും കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ചികിത്സാസൗകര്യം വിപുലപ്പെടുത്താൻ സ്റ്റേഡിയം ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ആയിരം പേർക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തിൽ കേന്ദ്രം സജ്ജമാകും. കൺവൻഷൻ സെന്‍ററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സ്റ്റേഡിയത്തിന്റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസത്തിൽ രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തും.