കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മധ്യസ്ഥ ചർച്ചക്ക് വിളിപ്പിച്ച് കാസർകോട്ടെ മുസ്ലീം ലീഗ് ജില്ലാ ട്രഷറർ മാഹിൻ ഹാജിയും സംഘവും ക്രൂരമായി മർദ്ദിച്ചെന്ന് ജ്വല്ലറി പിആർഒ  മുസ്തഫ.  വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ട സംഘം ഭാര്യയേയും മക്കളേയും പച്ചക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. എം സി കമറുദ്ദീൻ എംഎൽഎയെ സംരക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കുകയാണെന്നും മുസ്തഫ പറഞ്ഞു. മുസ്തഫയുടെ പരാതിയിൽ മാഹിൻ ഹാജി ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു.

ജ്വല്ലറി നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനെന്ന പേരിലാണ് ഇന്നലെ ലീഗ് ജില്ലാ ട്രഷറർ കല്ലട്ര  മാഹിൻ ഹാജി മേൽപ്പറമ്പിലെ സ്വന്തം വീട്ടിലേക്ക്   ജ്വല്ലറി ജനറൽ മാനേജർ സൈനുലാബുദ്ദീനേയും പിആർഒ മുസ്തഫയേയും വിളിച്ചുവരുത്തിയത്. മുസ്ലീംലീഗ് സംസ്ഥാന നേതൃത്വമാണ് മാഹിൻ ഹാജിയെ  മധ്യസ്ഥ ചർക്കക്ക് ചുമതലപ്പെടുത്തിയത്. എന്നാൽ മധ്യസ്ഥ ചർച്ചക്ക് പകരം  വീടും സ്വുത്തും എഴുതി നൽകാൻ ആവശ്യപ്പെട്ട് മാഹിൻ ഹാജിയും സംഘവും ക്രൂരമായി മർദ്ദിച്ചെന്ന് മുസ്തഫ പറയുന്നു. മാഹിൻ ഹാജിയും ​ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു. മാഹിൻ ഹാജി തന്റെ മുഖത്തടിച്ചു. ഭാര്യയെയും മക്കളെയും കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്തഫയുടെ പരാതിയിൽ മാഹിൻ ഹാജി ഉൾപ്പെടെ പത്ത് പേർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. അതേസമയം കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് മാഹിൻ ഹാജിയുടെ പ്രതികരണം. അതിനിടെ എംസി കമറുദ്ദീന്‍റെ രാജി ആവശ്യപ്പെട്ട് ഐഎൻഐൽ പ്രവർത്തകർ മുസ്ലീംലീഗ് ജില്ലാ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തട‌‌ഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.