Asianet News MalayalamAsianet News Malayalam

ആശ്വാസം, 13 കാരിയുമായി പൊലീസ് ഇന്ന് തിരിച്ചെത്തും, പഠനവും സംരക്ഷണവും ഇനിയെങ്ങനെ? ഉറ്റുനോക്കി കേരളം

വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറ്റെടുത്തത്

Kazhakkoottam girl missing case latest news kerala police bring back with child will produce court today
Author
First Published Aug 25, 2024, 12:21 AM IST | Last Updated Aug 25, 2024, 12:21 AM IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തിയ വിശാഖപട്ടണത്ത് പോയി ഏറ്റെടുത്ത പൊലീസ് സംഘം കുട്ടിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറ്റെടുത്തത്. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുമായി ശനിയാഴ്ച ഉച്ചയോടെയാണ് കഴക്കൂട്ടം പൊലീസ് കേരളത്തിലേക്ക് തിരിച്ചത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത മിസിംഗ് കേസിൽ കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്.

പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്താനായി വലിയ തിരച്ചിലാണ് പൊലീസും ആർ പി എഫും കേരള ജനതയും നടത്തിയത്. ഒടുവിൽ 37 മണിക്കൂറുകൾക്കപ്പുറം ബുധനാഴ്ച രാത്രിയോടെ വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേരള പൊലീസിനെയും ആർ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു. താംബരം എക്സ്പ്രസ് ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.

ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാനായിരുന്നു ശ്രമം. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നായിരുന്നു ആഗ്രഹമെന്ന് കുട്ടി പിന്നീട് വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ ഉപദ്രവത്തെ തുടർന്നാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കോടതി ഇടപെടൽ നിർണായകമാകും. കുട്ടിയുടെ പഠനവും സംരക്ഷണവും ഇനി എങ്ങനെയാകുമെന്നതറിയാൻ കേരളം ഉറ്റുനോക്കുകയാണ്.

രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ മുൻ അധ്യക്ഷ രേഖാ ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios