ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

തിരുവനന്തപുരം:കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്‍റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസി.സി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ എം.പി. പറഞ്ഞു.പോലീസിന്‍റേയും സി.പി.എമ്മിന്‍റേയും ആക്രമണത്തില്‍ പരിക്കേറ്റ് എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും പോലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പോലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാന്‍ വരുന്ന ഗണ്‍മാന്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചോദിച്ച അദ്ദേഹം, പോലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

നവകേരള സദസ് പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. കോണ്‍ഗ്രസിന്‍റെ ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ കേരളാ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണ നീക്കമാണ്. കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടിയര്‍ ഗ്യാസ് എറിഞ്ഞത് ബോധപൂര്‍വമാണ്. ഇതിന് പിന്നില്‍ ഉന്നത പ്രേരണയുണ്ട്. എഫ്.ഐ.ആറിലുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ പാടില്ല. നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ചട്ടവിരുദ്ധമായി പെരുമാറിയ ഗണ്‍മാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നു. സംസ്ഥാന പോലീസ് മേധാവി കേരളത്തില്‍ എന്ത് ചെയ്യുകയാണ് ? ഗണ്‍മാന്‍ ഇപ്പോള്‍ വി.ഐ.പിയാണ്.സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കുകയാണ് . പോലീസ് അക്രമ ഫാസിസ്റ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നത്.. ഈ പോക്ക് സി.പി.എമ്മിന്‍റെ വിനാശത്തിലേക്കാണ്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയില്‍ മോദി കേസ് എടുക്കുന്നു, കേരളത്തില്‍ പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരളാ പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.