ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തന്റെ സത്കീര്‍ത്തി തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയൽ ചെയ്തത്.
തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ പരാതി നൽകി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് തനിക്കെതിരെ ആരോപണം കെട്ടിച്ചമച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയൽ ചെയ്തത്. തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.
ഹരിയാനയില്‍ 2024 -ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026 ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്ത വരികയും ചെയ്തു. കൂടാതെ 2026 ഫെബ്രുവരി 23 ന് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്കി.
കൈരളി ന്യൂസ് ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രതി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്ന് കെ സി വേണുഗോപാൽ പരാതിയിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തിലേക്കു കടക്കുമ്പോഴാണ് ആരോപണം പൊട്ടിമുളച്ചത്. അതിന് വ്യാപകമായ പ്രചാരണവും നല്കുന്നു. യുഡിഎഫ് അധികാരത്തില്‍ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീര്‍ഘകാലമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന താന്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ യശസ് തകര്‍ക്കാന്‍ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നുവെന്നും കെ സി പറഞ്ഞു. നേരത്തെ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയോ ആരോപണം പിന്‍വലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കെ സി വേണുഗോപാല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പരാതി ഫയല്‍ ചെയ്തത്.


