കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ തന്ത്രപരമായി നേരിട്ടതിൽ സുപ്രധാന പങ്കുവഹിച്ചത് കെ.സി വേണുഗോപാലും ഹൈക്കമാന്‍ഡും ആണ്. ഗ്രൂപ്പ് വഴക്കുകള്‍ ഒഴിവാക്കി, വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സര്‍വേകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത് പാര്‍ട്ടിക്ക് ഗുണകരമായി.
രാഹുല്‍ ഗാന്ധിക്കൊപ്പം, കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കേരളത്തിലും സജീവമാണ് കെ.സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ കെ സി വേണുഗോപാല്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുതുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ, കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിലയുറപ്പിച്ചു. മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ഇത്തവണ ഗ്രൂപ്പ് വഴക്കുകളും തമ്മിലടികളും താരതമ്യേന കുറവായിരുന്നുവെന്ന് പറയാം. ഹൈക്കമാന്‍ഡിന്റെ സൂക്ഷ്മവും കൃത്യതയേറിയതുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഈ ഘട്ടത്തിലും കെ സി വേണുഗോപാലിന്റെ പങ്ക് വളരെ വലുതാണ്.
കെ സുധാകരന്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ അനുനയത്തിനും സമവായ ചര്‍ച്ചകള്‍ക്കും കെ സി വേണുഗോപാലും മുന്നിലുണ്ടായിരുന്നു. ഹൈക്കമാന്‍ഡിന്റെ സമയോചിതമായ, ആര്‍ജ്ജവമുള്ള ഇടപെടലുകളാണ് വിഷയത്തെ ലഘൂകരിച്ചത്. കൃത്യമായ ആശയവിനിമയം നടത്തിയാണ് കെ സുധാകരന്‍ വിഷയം ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചത്. എ കെ ആന്റണിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ സുധാകരനുമായി സംസാരിച്ചത് ഈ സാഹചര്യത്തിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സമയോചിതമായ പ്രശ്നപരിഹാരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
പല സീറ്റുകളിലും തങ്ങളുടെ ഇഷ്ടക്കാരെ കുത്തിനിറയ്ക്കാന്‍ നേതാക്കളുടെ അനാവശ്യ കടുംപിടുത്തം ഉണ്ടായെങ്കിലും ഹൈക്കമാന്റ് ഫലപ്രദമായി ഇടപെട്ടു. ചര്‍ച്ചകളിലൂടെയും നീണ്ട തയാറെടുപ്പുകളിലൂടെയും തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ പട്ടിക ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയായാണ് നേതൃത്വം വിലയിരുത്തുന്നത്. ഒരുഘട്ടത്തില്‍ ചില മണ്ഡലങ്ങളില്‍ സംസ്ഥാന നേതൃത്വം ഒറ്റ സ്ഥാനാര്‍ത്ഥിയില്‍ എത്താന്‍ പ്രയാസപ്പെട്ടപ്പോള്‍, മികച്ച ഒരു പേരിലേക്ക് എത്തിക്കാന്‍ ഹൈക്കമാന്‍ഡ് നിരന്തരമായ ഇടപെടലാണ് നടത്തിയത്.
ഗ്രൂപ്പുകള്‍ക്ക് വീതംവെപ്പിന് അവസരം കൊടുക്കാതെ സര്‍വെകളെ മുന്‍നിര്‍ത്തി കഴിവും യോഗ്യതയും വിജയസാധ്യതയും പാര്‍ട്ടി പാരമ്പര്യവും കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ കഴിയുമോ എന്ന കാര്യം തന്നെയാണ് മറ്റ് പല ഘടകങ്ങള്‍ക്കുമൊപ്പം പ്രധാനമായി പാര്‍ട്ടി പരിഗണിച്ചത്. വനിതകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, യുവജനങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, ജനങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവര്‍ തുടങ്ങിയവരെയെല്ലാം പരിഗണിച്ച് സന്തുലിതമായ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് കോണ്‍ഗ്രസിന്റേതെന്നാണ് പൊതുവേയുള്ള അഭിപ്രായം. മുന്‍കാല സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തിരിച്ചടികള്‍ കൃത്യമായി പഠിച്ചാണ് ഹൈക്കമാന്‍ഡ് ഇത്തവണ കേരളത്തിലെ സീറ്റുകള്‍ വിഭജിച്ചത്. അല്‍പ്പം സമയം കൂടുതലെടുത്തെങ്കിലും അത് ഗുണകരമായി എന്നാണ് പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കെന്ന് നേതൃത്വവും പറയുന്നു.
സിപിഎമ്മിലെ തല മുതിര്‍ന്ന നേതാക്കളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയത്. യുഡിഎഫില്‍ അതുണ്ടാകാതിരുന്നത് തലനാരിഴ കീറിയുള്ള ആസൂത്രണം മൂലമാണ്. യോഗ്യരായവരെ ഫീല്‍ഡിലിറക്കിയാണ് കോണ്‍ഗ്രസ് ഈ നേട്ടം കൈവരിച്ചത്. ഒറ്റപ്പെട്ട പിണക്കങ്ങളെ നയതന്ത്രപരമായി സമീപിച്ചും പരിഭവങ്ങളും മോഹഭംഗങ്ങളും പറഞ്ഞുതീര്‍ത്തുമാണ് കോണ്‍ഗ്രസ് മുന്നോട്ടുപോയതെന്ന് നേതൃത്വം വിലയിരുത്തുന്നു.
കനത്ത വിജയത്തിലുപരി മറ്റൊന്നും ലക്ഷ്യമിടാത്ത ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിച്ചത് വിജയ സാധ്യത എന്ന മാനദണ്ഡം മാത്രമായിരുന്നു. മത- സാമുദായിക- പ്രാദേശിക സമവാക്യങ്ങള്‍ പാലിക്കുന്നതിനൊപ്പം വിജയസാധ്യതയും ആരാഞ്ഞാണ് പട്ടിക തയ്യാറാക്കിയത്. പല തലങ്ങളില്‍ സര്‍വ്വേകളും പഠനങ്ങളും നടത്തി. മാസങ്ങള്‍ക്ക് മുന്നേ ഒരുക്കം തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 3 ദിവസത്തിനുള്ളില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. എല്‍ഡിഎഫും എന്‍ഡിഎയും മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി.


